major-ravi

മതം മാറ്റം മുഖ്യ പ്രമേയമായി വരുന്ന ചിത്രമാണ് 'കുഞ്ഞിരാമന്റെ കുപ്പായം'. സജിത മഠത്തിൽ, തലൈവാസൽ വിജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സംവിധായകനും നടനുമായ മേജർ രവിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മതം മാറ്റം വിഷയമായി വരുന്നത് കൊണ്ട് രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റി വയ്‌ക്കേണ്ടി വന്നതായി ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞിരുന്നു.

മതം വിഷയമായി വരുന്നത് കൊണ്ട് എന്തിനാണ് സിനിമയോട് അകൽച്ച കാണിക്കുന്നതെന്നാണ് മേജർ രവി ചോദിക്കുന്നത്. വിശുദ്ധ ഖുറാനിൽ പറയുന്നത് മാത്രമാണ് സിനിമയിൽ പറയുന്നതെന്നും സ്വാർത്ഥതയ്ക്ക് വേണ്ടി മതം മാറുന്നത് ശരിയല്ലെന്നും അതിനെക്കുറിച്ച് മാത്രമാണ് ചിത്രം സംസാരിക്കുന്നതെന്നും മേജർ രവി പറഞ്ഞു. യഥാർത്ഥ മുസ്ലീമിന് 'കുഞ്ഞിരാമന്റെ കുപ്പായം ഇഷ്ടപ്പെടുമെന്നും മേജർ രവി പറഞ്ഞു.

മലയാളികൾ തന്നോട് വച്ച് പുലർത്തുന്ന മനോഭാവത്തെക്കുറിച്ചും മേജർ രവി വാചാലനായി. തന്നെ നാട്ടിലെത്തന്നെ ഏറ്റവും വലിയ വർഗീയവാദിയായിട്ടാണ് ജനങ്ങൾ കാണുന്നതെന്നും അത്തരമൊരു സാഹചര്യത്തിൽ ചിത്രത്തിലെ വേഷം തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. ഖുറാനിലുള്ള കാര്യങ്ങൾ മാത്രം പഠിപ്പിക്കുന്ന മുസ്ലിയാരുടെ വേഷമാണ് തനിക്ക് 'കുഞ്ഞിരാമന്റെ കുപ്പായ'ത്തിലൂടെ ലഭിച്ചതെന്നും മേജർ രവി വെളിപ്പെടുത്തി. സിദ്ധിഖ് ചേന്ദമംഗലൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.