ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകരരുടെ എണ്ണത്തിൽ കുറ്റസമ്മതം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്ത് 30000 മുതൽ 40000 വരെ ഭീകരർ പരിശീലനം നേടിയിട്ടുണ്ടെന്നും അവർ, അഫ്ഗാനിസ്ഥാനിലും കാശ്മീരിലുമായി പ്രവർത്തിക്കുകയാണെന്നും അമേരിക്ക സന്ദർശനത്തിനിടെ ഇമ്രാൻ ഖാൻ തുറന്നുസമ്മതിച്ചതായി ദേശീയ മാദ്ധ്യമമായ എൻ.ഡി.ടി.വിയാണ് റിപ്പോർട്ട് ചെയ്തത്. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിലെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് ഇമ്രാന്റെ പുതിയ വെളിപ്പെടുത്തൽ.
ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്‌രികെ ഇൻസാഫ് പാർട്ടി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്തെ ഭീകരസംഘടനകൾക്കെതിരായി സർക്കാർ ഒന്നും ചെയ്തിരുന്നില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. അതേസമയം, പാകിസ്ഥാനിൽ 40ഓളം ഭീകര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും 15 വർഷമായി രാജ്യത്തെ ഭീകരരെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ലെന്നും അമേരിക്കയിലെ തന്നെ മറ്റൊരു പരിപാടിക്കിടെ ഇമ്രാൻ വെളിപ്പെടുത്തിയതായാണ് എൻ.ഡി.ടി.വി റിപ്പോർട്ട്.