ലണ്ടൻ: ബ്രെക്സിറ്റിൽ തട്ടി ഡേവിഡ് കാമറോണും പിന്നാലെ തെരേസ മേയും ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയിൽ നിന്ന് തെറിച്ചപ്പോൾ, പകരമെത്തിയത്, ദീർഘകാലമായി ആ പദവിക്കുവേണ്ടി കുപ്പായം തുന്നിവച്ചിരിക്കുന്ന ബോറിസ് ജോൺസൺ തന്നെയാണ്. മുൻഗാമികൾക്ക് നടപ്പാക്കാനാകാതെ പോയത് താൻ സാദ്ധ്യമാക്കുമെന്നാണ് ബോറിസിന്റെ വാഗ്‌ദാനം.
തീവ്രദേശീയ നിലപാടുകളുടെയും കുടിയേറ്റ വിരുദ്ധതയുടെയും കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെയും കവച്ചുവയ്ക്കുന്നതാണ് ബോറിസ് ജോൺസന്റെ രീതി. പത്രപ്രവർത്തകനായിരുന്നപ്പോഴും രാഷ്ട്രീയക്കാരനായപ്പോഴും അമിത വംശീയ നിലപാടുകളുടെ പേരിൽ ബോറിസ് വിവാദങ്ങളിലകപ്പെട്ടിട്ടുണ്ട്.
വിവാദപരാമർശങ്ങളും എന്നും ബോറിസിനൊപ്പം ഉണ്ടായിരുന്നു. ബുർഖ ധരിച്ച സ്ത്രീകൾ ''ലെറ്റർ ബോക്സുകൾ പോലെ" എന്നും, യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണെ ''ഭ്രാന്താശുപത്രിയിലെ ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന നഴ്സ്" എന്നും ഡൊണാൾഡ് ട്രംപിനെ ''ബുദ്ധിമാന്ദ്യമുള്ള അജ്ഞൻ" എന്നും വിശേഷിപ്പിച്ചത് ചിലത് മാത്രം.
എഴുത്തുകാരൻ
''സെവന്റി ടു വെർജിൻസ്’ എന്ന നോവലും. ''ദ ചർച്ചിൽ ഫാക്ടർ: ഹൗ വൺ മാൻ മെയ്ഡ് ഹിസ്റ്ററി" എന്ന പേരിൽ വിൻസ്റ്റൻ ചർച്ചിലിന്റെ ജീവചരിത്രവും ബോറിസ് എഴുതിയിട്ടുണ്ട്.
രണ്ട് ഭാര്യമാർ, മക്കൾ ആറ്
1987ലായിരുന്നു അലീഗ്രാ ഒവനുമായുള്ള ബോറിസിന്റെ ആദ്യവിവാഹം. 1993 ൽ മറീന വീലറെ വിവാഹം ചെയ്തു. 2018ൽ കാരി സിമോൺസുമായി പുതിയ ബന്ധം. മറീനയുമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെങ്കിലും ഇരുവരും അകന്നാണ് കഴിയുന്നത്. ആറുമക്കളാണ് ബോറിസിനുള്ളത്.
1964 ജൂൺ 19ന് ന്യൂയോർക്കിൽ ജനനം
2008 മുതൽ 2016 വരെ ലണ്ടൻ മേയർ
2016 - 2018ൽ വിദേശകാര്യ മന്ത്രി
മേയുമായുള്ള ഭിന്നത. 2018 ജൂലായിൽ രാജിവച്ചു
ബോറിസ് ജോൺസണും ഗോപാലനാനയും
ഇന്ത്യൻ ബന്ധമുള്ള ബോറിസ് ജോൺസൺ കേരളത്തിലും വന്നു, 2003ൽ. മുൻ കേന്ദ്രമന്ത്രി എസ്. കൃഷ്‌ണകുമാറിന്റെ മകളുടെ കല്യാണമായിരുന്നു. വരൻ വിഖ്യാത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഖുഷ്‌വന്ത് സിംഗിന്റെ മൂത്ത സഹോദരന്റെ കൊച്ചുമകൻ. അതായത് ബോറിസ് ജോൺസന്റെ മുൻ ഭാര്യ മറീന വീലറുടെ ബന്ധു. മറീനയുടെ അമ്മ സിക്ക് വംശജയായ ദീപ് സിംഗിനെ ആദ്യം വിവാഹം ചെയ്‌തത് ഖുഷ്‌വന്ത് സിംഗിന്റെ ഇളയ സഹോദരൻ ദൽജീത് സിംഗ് ആയിരുന്നു. ആ ബന്ധം ഒഴിഞ്ഞ ശേഷം ദീപ് സിംഗ് ബ്രിട്ടീഷ് പത്രപ്രവർകൻ സർചാൾസ് വീലറുടെ ഭാര്യയായി. ആ ബന്ധത്തിലെ മകളാണ് മറീന വീലർ.
ദീപ് സിംഗിന്റെ മൂത്ത സഹോദരി അമർജീതിനെ വിവാഹം ചെയ്‌തത് ഖുഷ്‌വന്ത് സിംഗിന്റെ ജ്യേഷ്ഠ സഹോദരൻ ഭഗവന്ത് സിംഗ് ആണ്. അവരുടെ പേരക്കുട്ടിയാണ് കൃഷ്ണകുമാറിന്റെ മരുമകൻ.
നാഗർകോവിൽ ജില്ലയിലെ തിരുവട്ടാറിൽ നടന്ന വിവാഹ ചടങ്ങിന് മോടികൂട്ടാൻ കൃഷ്ണകുമാർ ഒരു അമ്പലത്തിലെ ആനയെ ഏർപ്പാടാക്കിയിരുന്നു. ആനയുടെ പേര് ഗോപാലൻ. ആളും ബഹളവുമൊക്കെ ആയപ്പോൾ ആന ചെറുതായൊന്ന് വിരണ്ടു. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ളവർ പരക്കം പാഞ്ഞു. എട്ട് പേർക്ക് പരിക്കേറ്റു.
സംഭവത്തെ പറ്റി കേരളത്തിലെ ഒരു എഴുത്തുകാരൻ ഖുഷ്‌വന്ത് സിംഗിനെ അറിയിച്ചു. ഖുഷ്‌വന്ത് സിംഗ് പൊടിപ്പും തൊങ്ങലും വച്ച് ടെലഗ്രാഫ് പത്രത്തിലെ പംക്തിയിൽ എഴുതി. വെള്ളക്കാരെ കണ്ണിന് പിടിക്കാത്തതിനാലാണ് ആന വിരണ്ടതെന്നും അതല്ല, തലപ്പാവ് കെട്ടിയ സർദാർജിമാരെ കൂട്ടത്തോടെ കണ്ടാണ് ആനയ്‌ക്ക് ഹാലിളകിയതെന്നും കേൾക്കുന്നെന്നും വരന്റെ പിതാവിനെ ആന തൊഴിച്ചെന്നും എട്ട് പേർക്ക് പരിക്കേറ്റെന്നുമൊക്കെയാണ് ഖുഷ്‌വന്ത് സിംഗ് എഴുതിയത്.