a-vijayaraghavan

മലപ്പുറം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ഉത്തരമെഴുതാത്ത കടലാസിന് വെള്ളപേപ്പറിന്റെ വില മാത്രമേയുള്ളൂ എന്നും ഉത്തരക്കടലാസ് കണ്ടെടുത്ത വിഷയം ഗൗരവമുള്ളതല്ലെന്നുമാണ് വിജയരാഘവൻ പറഞ്ഞത്. ഇതിന് മുൻപും യൂണിവേഴ്സിറ്റി കോളേജ് ആക്രമസംഭവത്തെ ന്യായീകരിച്ച് വിജയരാഘവൻ രംഗത്തെത്തിയിരുന്നു.

കെ.എസ്.യുവിന്റെ സമരത്തിൽ പങ്കെടുക്കുന്നത് മീൻകച്ചവടക്കാരും വക്കീലന്മാരുമാണ്. 30 വയസും 600 മാസവും പ്രായമുള്ള ഉമ്മൻചാണ്ടിയാണ് കെ.എസ്‌.യുവിനെ നയിക്കുന്നത്. വലതുപക്ഷ വർഗീയ ശക്തികളോടൊപ്പം ചേർന്ന് എസ്.എഫ്.ഐയുടെ അന്ത്യകൂദാശ നടത്താനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. മാദ്ധ്യമങ്ങളുടെ താരാട്ട് കേട്ടല്ല ഇടതുപക്ഷം വളർന്നത്. നുണ പ്രചരിപ്പിക്കുന്നവരെ പരസ്യമായി വിചാരണ ചെയ്യും. എ.വിജയരാഘവന്റെ വാക്കുകൾ.എന്നാൽ ഇങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ പിന്നീട് പറഞ്ഞു.

യു.ഡി.എഫും, ബി.ജെ.പിയും ഏതാനും മാദ്ധ്യമങ്ങളും ചേർന്ന് സർക്കാരിനെ തകർക്കാനായി നടത്തുന്ന സംഘടിത നീക്കമാണ് കോളേജിലെ സംഭവമെന്നും പ്രതികളെ പിടിച്ച ശേഷവും സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നുമാണ് വിജയരാഘവൻ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ പൊലീസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ 'കീഴിലുള്ള' സി.ബി.ഐയുടെ സഹായം കോൺഗ്രസ് ഇക്കാര്യത്തിൽ തേടുന്നതെന്നും, കോൺഗ്രസിലെ എ ഗ്രൂപ്പ് എന്നത് സത്യത്തിൽ അമിത് ഷാ ഗ്രൂപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.