imf

വാഷിംഗ്‌ടൺ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാ പ്രതീക്ഷ അന്താരാഷ്‌ട്ര നാണയനിധി വെട്ടിക്കുറച്ചു. 2019ൽ ഇന്ത്യ 7.3 ശതമാനവും 2020ൽ 7.5 ശതമാനവും വളരുമെന്നായിരുന്നു നേരത്തേ വിലയിരുത്തിയിരുന്നത്. ഇത്, യഥാക്രമം ഏഴും 7.2 ശതമാനവും ആയാണ് ഐ.എം.എഫ് താഴ്‌ത്തിയത്. ആഭ്യന്തര ഉപഭോഗം പ്രതീക്ഷിക്കുന്നതു പോലെ ഉയരില്ലെന്ന് വ്യക്തമാക്കിയാണ് ഐ.എം.എഫിന്റെ പുതിയ വിലയിരുത്തൽ.

അതേസമയം, ഈവർഷവും 2020ലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ തിരിച്ചുപിടിക്കുമെന്നും ഐ.എം.എഫ് വ്യക്തമാക്കി. ചൈന തളരുന്നതാണ് ഇന്ത്യയ്ക്ക് നേട്ടമാകുക. കഴിഞ്ഞവർഷം ഈ പട്ടം ചൈനയ്ക്ക് മുന്നിൽ ഇന്ത്യ അടിയറവ് വച്ചിരുന്നു. അമേരിക്കയുമായുള്ള വ്യാപാരത്തർക്കത്തിന്റെ പശ്‌ചാത്തലത്തിൽ ചൈനയുടെ വളർച്ച 2019ൽ 6.2 ശതമാനത്തിൽ ഒതുങ്ങും. 2020ൽ വളർച്ച ആറു ശതമാനത്തിലേക്കും ഇടിയും. അമേരിക്ക-ചൈന വ്യാപാരയുദ്ധം ആഗോള സമ്പദ്‌വളർച്ചയിൽ 0.5 ശതമാനം വരെ കുറവുണ്ടാക്കും. 2019ൽ 3.2 ശതമാനവും 2020ൽ 3.5 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന ആഗോള വളർച്ച.