kaumudy-news-headlines

1. ഇന്ത്യയും പാകിസ്താനുമായി നിലനില്‍ക്കുന്ന കശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥതക്കായി മൂന്നാമതൊരാള്‍ എന്ന ചോദ്യം ഉയരുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കശ്മീര്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് ലോക്സഭയില്‍ വ്യക്തമാക്കി. കശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത എന്നത് വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ പാടില്ലെന്ന ഷിംല കരാറിന് എതിരാണെന്നും ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കിയത് ആണെന്നും രാജ്നാഥ് പറഞ്ഞു


2. ഇന്ത്യ- പാക് വിഷയത്തില്‍ ട്രംപിന്റെ മധ്യസ്ഥത ആവശ്യപ്പെട്ടെന്ന വിവാദത്തില്‍ പ്രധാനമന്ത്രി മോദി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം.പിമാര്‍ ഇന്നും പാര്‍ലമന്റെിലെ ഇരുസഭകളിലും പ്രതിഷേധിച്ചു. മോദി മൗനം പാലിക്കുക ആണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
3. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ആയി ബി.എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് യെദ്യൂരപ്പ അവകാശവാദം ഉന്നയിക്കും. 2 സ്വതന്ത്രര്‍ അടക്കം നിലവില്‍ 107 പേരുടെ പിന്തുണയുണ്ട് ബി.ജെ.പിക്ക്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളീധരറാവുവും മുന്‍ മന്ത്രി ജഗദീഷ് ഷെട്ടാറും യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. എല്‍.എ.മാരും എം.പിമാരും യെദ്യൂരപ്പയുടെ വീട്ടിലെത്തി.
4. വിമത എം.എല്‍.എമാര്‍ ഇന്ന് മുംബയില്‍ നിന്നും തിരിച്ചെത്തും. കര്‍ണാടകയില്‍ ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്നും, അഴിമതി കൊണ്ട് ജനത്തിന് ഭാരമായ സര്‍ക്കാരാണ് പുറത്തായതെന്നും യെദ്യൂരപ്പ. വിമതരരുടെ രാജി സ്വീകരിക്കുകയോ അയോഗ്യരാക്കുകയോ ചെയ്താല്‍ 15 മണ്ഡലങ്ങളില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും ബി.ജെ.പി കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മന്ത്രിസഭയ്ക്കടക്കം പ്രാഥമിക രൂപം നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നാണ് സൂചന. ഇനി മൂന്ന് വര്‍ഷവും പത്തുമാസവും നീണ്ട ഭരണകാലമാണ് യെദ്യൂരപ്പയെ കാത്തിരിക്കുന്നത്.
5. അതേസമയം, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത്രവേഗം പരിഹാരം കാണാന്‍ കഴിയില്ല എന്ന സൂചന നല്‍കി സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍. സ്പീക്കര്‍ പദവിയുടെ കരുത്ത് എന്ത് എന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയും എന്നും സ്പീക്കര്‍. അതിനിടെ, സ്പീക്കര്‍ അയോഗ്യര്‍ ആക്കുന്നവരുടെ പട്ടികയില്‍ ആര്‍.ശങ്കറും. എന്നാല്‍ ആര്‍. ശങ്കര്‍ എം.എല്‍.എ സ്വതന്ത്രന്‍ അല്ല എന്ന വാദവുമായി കോണ്‍ഗ്രസും രംഗത്ത് എത്തി. കെ.പി.ജെ.പി കോണ്‍ഗ്രസില്‍ ലയിച്ചത് ഔദ്യോഗികമായി അല്ല എന്ന് കോണ്‍ഗ്രസ്. ശങ്കര്‍, രമേശ് ജര്‍ക്കി ഹോളി, കെ. മഹേഷ് എന്നിവരെ അയോഗ്യരാക്കാനുള്ള നടപടികളും പൂര്‍ത്തിയായി.
6. കേരളത്തില്‍ സാഹസിക ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വകുപ്പിന്റെ ഭാഗമായ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളരെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിന് ഒരു ഗൈഡ്‌ലൈന്‍ ഇതിനകം തയ്യാറായിക്കി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
7. നിസാന്‍ കമ്പനി മനംമടുത്ത് കേരളം വിടുകയാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഇല്ലാതാക്കുന്നതാണ്. കമ്പനി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെക്‌നോപാര്‍ക്കിന് പുറമേ കിന്‍ഫ്രയിലും ഭൂമി അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെടുകയും ഇത് സര്‍ക്കാര്‍ സാധ്യമാക്കുകയും ചെയ്തു. ഇതുപോലും മനസിലാക്കാതെയാണ് ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
8. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസ് പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും ജാമ്യമില്ല. ഇരുവരും സമര്‍പ്പിച്ച ജാമ്യ അപേക്ഷയാണ് വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും രണ്ട് പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ആണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. മറ്റ് പ്രതികളായ ആദില്‍, അദൈ്വയ്ത് എന്നിവരുടെ പരീക്ഷാ ഹാള്‍ ടിക്കറ്റ് വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.