തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തെയും യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന എസ്.എഫ്.ഐയുടെ മഹാ പ്രതിരോധത്തെയും തുടർന്ന് എം.ജി റോഡിൽ പാളയം, വി.ജെ.ടി, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളേജ് എന്നിവിടങ്ങളിൽ ഇന്ന് ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
ഉപരോധം ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്തു നിന്നു തിരിഞ്ഞ് നന്ദാവനം, ബേക്കറി, പനവിള വഴി പോകേണ്ടതാണ്. ഉപരോധവുമായി ബന്ധപ്പെട്ട് ദേശീയപാത വഴി വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ്, ചാക്ക വഴി ജനറൽ ആശുപത്രി ജംഗ്ഷനിലെത്തി പ്രവർത്തകരെ ഇറക്കിയ ശേഷം തിരികെ എയർപോർട്ട് റോഡിൽ പാർക്ക് ചെയ്യേണ്ടതാണ്. എം.സി റേഡ് വഴി വരുന്ന വാഹനങ്ങൾ നന്ദാവനം റോഡുവഴി മോഡൽ സ്‌കൂൾ ജംഗ്ഷനിലെത്തി ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കി വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വഴുതക്കാട്ട് എത്തി പനവിള വഴി ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം പൂജപ്പൂര ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. യൂണിവേഴ്സിറ്റി കോളേജിൽ പ്രതിരോധത്തിന് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയറിൽ ആളെ ഇറക്കിയ ശേഷം ബൈപ്പാസിലും എയർപോർട്ട് റോഡിലും പാർക്ക് ചെയ്യേണ്ടതാണ്.
വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ
പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നു കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നന്ദാവനം - ബേക്കറി - പനവിള - എസ്.എസ് കോവിൽ റോഡ്- ഓവർബ്രിഡ്ജ് വഴി പോകേണ്ടതാണ്.
ചാക്ക - പേട്ട ഭാഗത്തു നിന്നു കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ജനറൽ ആശുപത്രിയിൽ നിന്നു തിരിഞ്ഞ് വഞ്ചിയൂർ - കൈതമുക്ക്- ഉപ്പിടാംമൂട് പാലം വഴിയും കിഴക്കേകോട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ആയുർവേദ് കോളേജ് ഭാഗത്തു നിന്നു തിരിഞ്ഞ് കൈതമുക്ക് - വഞ്ചിയൂർ വഴിയും പോകണം.
കിഴക്കേകോട്ടയിൽ നിന്നു പേരൂർക്കട, നെടുമങ്ങാട് ഭാഗത്തേക്കും, തമ്പാനൂരിൽ നിന്നു ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജിൽ നിന്നു തിരിഞ്ഞ് പൊന്നറ - തൈക്കാട് - മേട്ടുക്കട - സാനഡു - വഴുതക്കാട് - വെള്ളയമ്പലം വഴി പോകേണ്ടതാണ്.