 റെഡിമെയ്ഡ് ഷർട്ടുകൾ ഓണത്തിന് വിപണിയിലെത്തും

തിരുവനന്തപുരം: ഹാൻടെക്‌സ് റെഡിമെയ്ഡ് വസ്ത്ര രംഗത്തേക്കും ചുവടുവയ്ക്കുന്നു. ഓണത്തിന് ഹാൻടെക്‌സിന്റെ റെഡിമെയ്ഡ് ഷർട്ടുകൾ 'കമാൻഡോ" ബ്രാൻഡിൽ വിപണിയിലെത്തും. നാല് വ്യത്യസ്‌ത അളവുകളിൽ ലഭിക്കുന്ന ഷർട്ടിന് 1,500 മുതൽ 2,500 രൂപ വരെയാണ് വില. ഹാൻടെക്‌സ് റോയൽ മുണ്ടുകളുടെ കരയ്ക്കിണങ്ങിയ ഷർട്ടുകളും നിർമ്മിക്കും.

കൈത്തറിയിൽ നെയ്‌തെടുക്കുന്ന കോട്ടൺ, ലിനൻ തുണികൾ ഉപയോഗിച്ച് ദിവസം 500 ഷർട്ടുകളാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന്, പ്രതിദിനം 20,​000 മീറ്റർ തുണിയാണ് വേണ്ടത്. ഇത് ഹാൻടെക്‌സിന്റെ തറികളിൽ തന്നെ നെയ്യും. പ്രതിവർഷം 24 കോടി രൂപയുടെ വിറ്റുവരവാണ് ഗാർമെന്റ്സിലൂടെ ഹാൻടെക്‌സ് പ്രതീക്ഷിക്കുന്നത്. കയറ്റുമതിയും ലക്ഷ്യമിടുന്നുവെന്ന് മാനേജിംഗ് ഡയറക്‌ടർ കെ.എസ്.അനിൽകുമാർ പറഞ്ഞു.