sisily-

കൊല്ലം: ചതിക്കപ്പെട്ട് ഒന്നര വർഷം ഒമാൻ ജയിലിലായിരുന്ന വർക്കല ചാവർകോട് സ്വദേശിയായ നഴ്സ് സിസിലി മുരളി (52) ഒടുവിൽ കുടുംബത്തിന്റെ സ്നേഹതീരമണഞ്ഞു. 27 വർഷം ഒമാനിൽ നഴ്സായിരുന്നു. തുടർന്ന് ഒമാൻ സ്വദേശിയുടെ നിർദ്ദേശ പ്രകാരം ഹോട്ടൽ മേഖലയിലേക്ക് തിരിഞ്ഞതോടെയാണ് ദുരിതം തുടങ്ങിയത്. പ്രവാസ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവും നാട്ടിലെ വീട് പണയപ്പെടുത്തി എസ്.ബി.ഐയിൽ നിന്ന് വായ്‌പയെടുത്ത തുകയും ചെലവാക്കിയാണ് ഹോട്ടൽ ആരംഭിച്ചത്. ലൈസൻസ് ഉൾപ്പെടെയുള്ളവയ്‌ക്കായി അറബി പല പേപ്പറുകളിലും സിസിലിയിൽ നിന്ന് ഒപ്പിടുവിച്ചു. അറബ് വായിക്കാനറിയാത്ത സിസിലി അവരുടെ വാക്ക് വിശ്വസിച്ചാണ് ഒപ്പിട്ടത്. ഒമാൻ സ്വദേശിയിൽ നിന്ന് വൻ തുക കടം വാങ്ങിയെന്നുള്ളതായിരുന്നു ഒരു പേപ്പർ. ഇതിനിടെ ഹോട്ടൽ അറബി സ്വന്തമാക്കാൻ ശ്രമിച്ചു. പിന്നാലെ പണം കിട്ടാനുണ്ടെന്ന് കാട്ടി കേസും നൽകി. സിസിലി ജയിലിലായി. ഇന്ത്യൻ എംബസിയോട് നിയമ സഹായം തേടിയെങ്കിലും തിരിഞ്ഞുനോക്കിയില്ല. നിയമ സഹായത്തിനായി അഭിഭാഷകനും വൻ തുകയാണ് ആവശ്യപ്പെട്ടത്. ആരുടെയും സഹായം ലഭിക്കാതിരുന്നതിനാൽ ഒന്നര വർഷം ജയിലിൽ കിടന്നു.

ഇതിനിടെ വായ്‌പയിൽ കുടിശിക വരുത്തിയതിന് നാട്ടിലെ വസ്‌തുവും വീടും ബാങ്ക് ജപ്‌തി ചെയ്‌തു. മുപ്പതു ലക്ഷം രൂപയായിരുന്നു വായ്പ. അതിനെക്കാൾ വില കിട്ടുന്ന വീടും പുരയിടവും നഷ്ടമായി. ഒമാനിൽ സമ്പാദിച്ച എഴുപത്തിയഞ്ചു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. അച്ഛനും അമ്മയും മരിച്ചശേഷം രണ്ട് അനുജത്തിമാരുൾപ്പെടുന്ന കുടുംബം അനാഥമായപ്പോഴാണ് 25-ാം വയസിൽ സിസിലി ഒമാനിൽ പോയത്. അനുജത്തിമാരുടെ വിദ്യാഭ്യാസവും വിവാഹവുമായിരുന്നു ലക്ഷ്യം. കൂടുതൽ വരുമാനം ഒമാനിൽ ലഭിക്കുമെന്നതിനാൽ അന്ന് ലഭിച്ച സർക്കാർ ജോലി സ്വീകരിച്ചില്ല.

ഒമാനിലുള്ള ചില മലയാളി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ ജയിൽ മോചിതയായ സിസിലി കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. ഗുരുതരമായ ഹൃദയ ആരോഗ്യ പ്രശ്‌നം നേരിടുന്ന സിസിലിക്ക് മതിയായ ചികിത്സ തേടുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ല. നാട്ടിലെ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹായം കിട്ടിയില്ലെന്നും ഇവർ പറയുന്നു. തുടർന്നുള്ള ചികിത്സയും ജീവിതവും പ്രതിസന്ധിയിലാണ്. മകൾക്കും മരുമകനുമൊപ്പം വാടകവീട്ടിലാണ് ഇപ്പോൾ താമസം.