kamalnath

ഭോപ്പാൽ:മദ്ധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കുമെന്ന ബി.ജെ.പിയുടെ ഭീഷണിക്കിടയിൽ കമൽനാഥ് സർക്കാരിനെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എമാർ വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടയിലാണ് ബി.ജെ.പി എം.എൽ.എമാരായ നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്. ഇതിൽ നാരായൺ ത്രിപാഠി മുമ്പ് കോൺഗ്രസിലായിരുന്നു. 2014ലാണ് ഇദ്ദേഹം ബി.ജെ. പിയിൽ ചേർന്നത്.

ഇന്ന് സഭയിൽ രണ്ട് ബി.ജെ.പി എം.എൽ.എമാർ ഞങ്ങളുടെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതായി ഭേദഗതി പാസായതിനു പിന്നാലെ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു.

മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 24 മണിക്കൂറിനകം മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ താഴെയിറക്കുമെന്ന് മദ്ധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ നിയമസഭയിൽ ബുധനാഴ്ച പറഞ്ഞിരുന്നു.

ബി.ജെ.പിയിലെ നമ്പർ വണ്ണും, നമ്പർ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്‌നൽ നൽകിയാൽ മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരും 24 മണിക്കൂറിനുള്ളിൽ താഴെവീഴുമെന്നായിരുന്നു ഗോപാൽ ഭാർഗവയുടെ പരാമര്‍ശം.

എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി കമൽനാഥ് നൽകിയത്. നിങ്ങളുടെ നമ്പർ വണ്ണും നമ്പർ ടൂവും ബുദ്ധിയുള്ളവരാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവ് അവർ നൽകാത്തതെന്നുമാണ് കമൽനാഥിന്റെ മറുപടി. നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നവംബറിൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായ നാലാം ടേം പ്രതീക്ഷിച്ച ശിവരാജ് സിംഗ് ചൗഹാനെ അട്ടിമറിച്ചാണ് കോൺഗ്രസ് ഭരണം പിടിച്ചത്. ആകെയുള്ള 230 സീറ്റിൽ 114 നേടി കോൺഗ്രസ് വലിയ കക്ഷിയായപ്പോൾ ബി.ജെ.പിക്ക് 109 സീറ്റേ കിട്ടിയുള്ളൂ. രണ്ട് ബി.എസ്.പി അംഗങ്ങളുടെയും ഒരു എസ്.പി അംഗത്തിന്റെയും പിന്തുണയോടെ 116 എന്ന നമ്പർ തികച്ച് കോൺഗ്രസ് അധികാരം പിടിക്കുകയായിരുന്നു. എന്നാൽ കർണാടക മാതൃകയിൽ കോൺഗ്രസ് എം.എൽ.എമാരെ അട‌ർത്തിയെടുക്കാനുള്ള നീക്കം ബി.ജെ.പി നടത്തിയേക്കുമെന്നാണ് സൂചന. കോൺഗ്രസ് എം.എൽ.എമാർ അസ്വസ്ഥരാണെന്നും അവർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണെന്നും നേരത്ത ബി.ജെ.പി നേതാക്കന്മാർ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ കുതിരക്കച്ചവടത്തിന് ബി.ജെ.പി മുതിരില്ലെന്നാണ് ഭാർവയുടെ പക്ഷം.