cuba

വാഷിങ്ടൻ: ക്യൂബയിലെ യു.എസ് എംബസിയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കെരിരെ ക്യൂബ രഹസ്യായുധം പ്രയോഗിച്ചെന്ന് ആരോപണം. എംബസിയിൽ ജോലി ചെയ്തിരുന്ന 40 ഉദ്യോഗസ്ഥരുടെ മസ്തിഷ്‌കം പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങളാണ് ഗവേഷകരെ ഞെട്ടിച്ചത്. 40 പേരുടെയും മസ്തിഷ്ക ഘടന ദുരൂഹമായ വിധത്തിൽ മാറിമറിഞ്ഞതായി ഗവേഷകർ കണ്ടെത്തി. ഇക്കാര്യം അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ ദുരൂഹത തുടരുകയാണ്. അമേരിക്കെയ്ക്കെതിരെ രഹസ്യായുധം പ്രയോഗിച്ചതാണെന്ന് വാദമാണ് ഉയരുന്നത്. 2016 മുതൽ 2018 മേയ് വരെ ക്യൂബയിൽ ജോലി ചെയ്തിരുന്ന നയതന്ത്ര പ്രതിനിധികൾക്കാണ് മസ്തിഷ്‌കത്തിന് അജ്ഞാത രോഗാവസ്ഥ കണ്ടെത്തിയത്. സമാനമായ രോഗാവസ്ഥയാണ് എല്ലാവർക്കും ഉണ്ടായത്. 2017 ഫെബ്രുവരിയിൽ 24 യു.എസ് നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും അജ്ഞാതരോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദി, തലകറക്കം, കേൾവിക്കുറവ് എന്ന രോഗാവസ്ഥയാണ് എല്ലാവർക്കും ഒരേപോലെ ഉണ്ടായത്.

എന്നാൽ ഇവരോടൊപ്പം ജോലി ചെയ്തിരുന്ന ക്യൂബക്കാർക്ക് ഈ രോഗം വരാത്തത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. മസ്തിഷ്കത്തിനു സംഭവിച്ച പ്രശ്നത്തിന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ‘ഹവാന സിൻഡ്രോം’ എന്നാണ് പേരിട്ടിരിക്കുന്നത്. കൃത്യമായി പരിശോധിച്ചപ്പോൾ രാത്രികളിൽ അസാധാരണമായ ശബ്ദതരംഗങ്ങൾ വരുന്നതാണെന്ന് റിപ്പോർട്ട് ചെയ്തു. ഇത് റെക്കോർഡ് ചെയ്തപ്പോൾ അൾട്രാഫ്രീക്വൻസി തരംഗങ്ങളായിരുന്നു വ്യക്തമായി. എന്നാൽ ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് മനസിലായില്ല. മൈക്രോവേവ് തരംഗങ്ങൾ കൃത്യമായി ഒരു ‘പോയിന്റ്’ ലക്ഷ്യംവച്ചപ്പോഴുണ്ടായ പ്രശ്നങ്ങളായിരുന്നു അതെന്നും കണ്ടെത്തി. ക്യൂബയുടെ കയ്യിലുള്ള സോണിക് ആയുധമാണ് ഇതിനു പിന്നിലെന്നാണ് യു.എസിന്റെ ആദ്യ നിഗമനം.

തുടർന്ന് ‘ഇലക്ട്രോമാഗ്‌നറ്റിക്’ ആയുധമാണ് ക്യൂബ ഉപയോഗിച്ചതെന്ന് യു.എസ് ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തു. 2017 ൽ ക്യൂബയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ തിരിച്ച് വരികയും ചെയ്തു. ഉദ്യോഗസ്ഥരുടെ മസ്തിഷ്കം പരിശോധിച്ച റേഡിയോളജി പ്രഫസറായ ഡോ. രാഗിണി വർമ പറയുന്നതിങ്ങനെ. 40 പേരുടെ മസ്തിഷ്കത്തിലും ഒരേതരം പ്രശ്നം കണ്ടതാണു ഗവേഷകരെ ആശങ്കയിലാഴ്ത്തിയത്. പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്ത സമയത്ത് 21 പേരിൽ നടത്തിയ എം.ആർ.ഐ സ്കാനിങ്ങിൽ മസ്തിഷ്കത്തിനു കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. മൂന്നു വർഷത്തിനപ്പുറമാണ് മസ്തിഷ്കത്തിന്റെ ‘പാറ്റേണിൽ’ തന്നെ മാറ്റമുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റങ്ങൾ ഏതെങ്കിലും രോഗമായി മാറുമോയെന്നു പറയാനാകില്ലെന്നും അവർ വ്യക്തമാക്കി.

നേരത്തെ കനേഡിയൻ എംബസി ഉദ്യോഗസ്ഥർക്കും സമാനമായ പ്രശ്നമുണ്ടായിരുന്നു. അവർ ജോലി ഉപേക്ഷിച്ച് മടങ്ങുകയാണ് ഉണ്ടായത്. എന്നാൽ സംഭവത്തിൽ യു.എസ് റിപ്പോർട്ടിനെ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥരെ അലോസരപ്പെടുത്തിയ വിധം ഫ്രീക്വൻസിയുള്ള ശബ്ദം ചീവീടുകളുണ്ടാക്കുന്നതാണെന്ന് അവർ പറയുന്നത്. ക്യൂബയിൽ ഇത്തരം ചീവീടുകൾ കൂടുതലായി ഉണ്ടെന്നും പ്രാണികളെപ്പറ്റി പഠനം നടത്തുന്ന ഗവേഷകർ വ്യക്തമാക്കി.