ന്യൂഡൽഹി: സംഘടനകളെ കൂടാതെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്ന യു.എ.പി.എ. ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ എട്ടിനെതിരെ 287 വോട്ടുകൾക്കാണ് ഭീകരവിരുദ്ധ നിയമഭേദഗതി ലോക്‌സഭയിൽ പാസായത്. കോൺഗ്രസും സി.പി.എമ്മും അടക്കമുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
സംഘടനകൾക്ക് പുറമേ വ്യക്തികളെയും ഭീകരതയുടെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസിക്കും സർക്കാരിനും യു.എ.പി.എ നിയമഭേദഗതി ബിൽ അധികാരം നൽകുന്നുണ്ട്.
നിയമഭേദഗതിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ശക്തമായി എതിർത്തു. എന്നാൽ ചില സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. . പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അർബൻ മാവോയിസം പ്രോത്സാഹിപ്പിക്കുന്നവരോട് സർക്കാർ ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽഎം.പി. മഹുവ മോയിത്ര, എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവർ ബില്ലിനെ എതിർത്ത് സംസാരിച്ചു.