kamalnath

ഭോപ്പാൽ: കർണാടയ്ക്കു പിന്നാലെ മദ്ധ്യപ്രദേശ് സർക്കാരിനുനേരെയും ഭീഷണിയുമായി രംഗത്തെത്തിയ ബി.ജെ.പിക്ക് തിരിച്ചടി. മദ്ധ്യപ്രദേശ് നിയമസഭയിൽ രണ്ട് ബി.ജെ.പി എം.എൽ.എമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബി. ജെ.പി എം.എൽ.എമാരായ നാരായൺ ത്രിപാഠി,​ ശരദ് കോൾ എന്നിവർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്. നാരായൺ ത്രിപാഠി നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്നു. 2014ലാണ് ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.

അതേസമയം,​ മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ മറിച്ചിടാനുള്ള ശേഷി സംസ്ഥാന നേതൃത്വത്തിനുണ്ടെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ രംഗത്തെത്തി. മുകളിൽ നിന്ന് നിർദ്ദേശം കിട്ടിയാൽ 24 മണിക്കൂറിനകം സർക്കാരിനെ താഴെ വീഴ്ത്തുമെന്നായിരുന്നു ഗോപാൽ ഭാർഗവയുടെ വെല്ലുവിളി. ബി.ജെ.പിയുടെ സ്ഥിരം പല്ലവിയാണ് ഇത്തരം പ്രയോഗങ്ങളെന്നായിരുന്നു മുഖ്യമന്ത്രി കമൽനാഥിന്റെ പ്രതികരണം.

അതേസമയം, കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മദ്ധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് ബി.ജെ.പിയുടെ ഭീഷണി അത്ര നിസാരമായി കാണാനാകില്ല.

 ''എല്ലാദിവസവും ബി.ജെ.പി പറയാറുണ്ട് ഞങ്ങൾ ന്യൂനപക്ഷ സർക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും. എന്നാൽ ഇന്ന് സഭയിൽ രണ്ട് എം.എൽ.എമാർ ഞങ്ങളുടെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു"- കമൽനാഥ്, മുഖ്യമന്ത്രി

 '' ബി.ജെ.പി.യിലെ നമ്പർ വണ്ണും, നമ്പർ ടൂവും ഞങ്ങൾക്ക് അനുകൂലമായ സിഗ്‌നൽ നൽകിയാൽ മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരും 24 മണിക്കൂറിനുള്ളിൽ താഴെവീഴും" - ഗോപാൽ ഭാർഗവ, പ്രതിപ്കഷ നേതാവ്

 ആകെ എണ്ണം: 230

കോൺഗ്രസ്: 114

ബി.ജെ.പി: 109

സ്വതന്ത്രർ: 4

ബി.എസ്.പി : 2

എസ്. പി : 1

(സ്വതന്ത്രരുടെയും ബി.എസ്.പി, എസ്.പി അംഗങ്ങളുടെയും പിന്തുണയോടെയാണ് കോൺഗ്രസിന്റെ ഭരണം)