news

1. തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹം ആണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം അമ്പൂരിയിലെ സുഹൃത്തിന്റെ വീടിന് അടുത്ത പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു. ഒരു മാസം ആയി രാഖിയെ കാണാന്‍ ഇല്ലായിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. ഇതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോള്‍ മൃദേഹം കണ്ടെത്തി ഇരിക്കുന്നത്. രാഖിയുടെ സുഹൃത്ത് അഖിലിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു എന്ന് പൊലീസ്.




2. യൂണിവേഴ്സിറ്റി ഉത്തര കടലാസ് ചോര്‍ന്നതില്‍ നടപടി എടുക്കും എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. പരീക്ഷാ പേപ്പര്‍ ചോര്‍ന്നതില്‍ അന്നത്തെ വി.സിക്കും സിന്‍ഡിക്കേറ്റിനും ഉത്തരവാദിത്തം ഉണ്ട്. ഇന്‍വിജിലേറ്റേഴ്സിനും, പ്രിന്‍സിപ്പാളിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ആകില്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും എന്നും മന്ത്രി. എ.വിജയരാഘവന്റെ പരാമര്‍ശം ഏത് സാഹചര്യത്തില്‍ ആണെന്ന് അറിയില്ല എന്നും മന്ത്രിയുടെ പ്രതികരണം.
3. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തര കടലാസുകള്‍ കണ്ട് എത്തിയതിനെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ എ.വിജയരാഘവന്‍ രംഗത്ത് വന്നിരുന്നു. ഉത്തരം എഴുതിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറി കടലാസ് ആണെന്നും അതിന് വെള്ള കടലാസിന്റെ വിലയേ ഉള്ളൂവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഉത്തരം എഴുതിയ കടലാസുകള്‍ കാണാതെ പോയാല്‍ ആണ് പ്രശ്നം.
4. പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാദ്ധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുക ആണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.അതേസമയം, മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം. കോളേജ് അധികൃതര്‍ അടച്ച യൂണിയന്‍ ഓഫീസ് എസ്.എഫ്.ഐ പൂട്ടുപൊളിച്ച് തുറന്നു. കെ.എസ്.യുക്കാരുടെ പരാതിയെ തുടര്‍ന്നാണ് യൂണിയന്‍ ഓഫീസ് അടപ്പിച്ചത്. ഓഫീസ് തുറന്നതിനെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ശത്തിന് ഇടയാക്കിയത്.
5. ജാതി സംവരണ വ്യവസ്ഥയ്ക്ക് എതിരെ ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് വി.ചിദംബരേഷ്. ജാതി സംവരണം മാറ്റേണ്ട കാലം ആയെന്നും സാമ്പത്തിക സംവരണം നടപ്പാക്കേണ്ട കാലം അതിക്രമിച്ചു എന്നും പ്രതികരണം. ഇതിനായി മുന്നാക്ക വിഭാഗങ്ങള്‍ ഒന്നിക്കണം. ജസ്റ്റിസ് ചിദംബരേഷിന്റെ വിവാദ പരാമര്‍ശം കൊച്ചിയില്‍ നടന്ന തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തില്‍. ബ്രാഹ്മണന്‍ വര്‍ഗ്ഗീയ വാദിയല്ല. എപ്പോഴും മറ്റുള്ളവരുടെ വികാരം മാനിക്കുന്നവന്‍ ആണ്. അഹിംസാവാദിയാണ്, മനുഷ്യ സ്‌നേഹിയാണ്.
6. എല്ലാ കാര്യങ്ങളുടെയും തലപ്പത്ത് ബ്രാഹ്മണര്‍ ഉണ്ടാകണം എന്നും ജഡ്ജി പറഞ്ഞു. സംവരണം സമുദായത്തെയോ ജാതിയെയോ മാത്രം അടിസ്ഥാന പെടുത്തിയാണോ നടപ്പില്‍ ആക്കേണ്ടതെന്ന് ആലോചിക്കാന്‍ സമയമായി. ഭരണഘടനാ പദവിയുള്ളതിനാല്‍ ഞാന്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭരണഘടനാ പദവിയില്‍ ഇരിക്കെ ഭരണഘടനയെ തള്ളി പറയുന്നതാണ് ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗമെന്ന വിമര്‍ശനവമുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
7. ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി മാറ്റി വച്ചു. അടുത്ത തിങ്കളാഴ്ചത്തേക്ക് ആണ് ഹര്‍ജി മാറ്റിയത്. ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത് ആണ് നടപടി. യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചത് ആണെന്നും ഹര്‍ജിയില്‍ ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം, ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല
8. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിള്‍ നല്‍കാതിരുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കേസില്‍ മുംബയ് ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
9. ജോസ്.കെ മാണിയും പി.ജെ. ജോസഫും അധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗക്കാരുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി എങ്കിലും വിട്ടുവീഴ്ച ഇല്ലെന്ന് ആയിരുന്നു നേതാക്കളുടെ നിലപാട്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്നും യു.ഡി.എഫ് വിട്ടുനില്‍ക്കുക ആയിരുന്നു. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ക്വാറം തികയാത്ത സാഹചര്യത്തില്‍ ആണ് തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിയത്
10. അവസാന മണിക്കൂറില്‍ പി.ജെ. ജോസഫ് അപ്രതീക്ഷിത നീക്കത്തിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉള്ളില്‍ പ്രതിസന്ധി ഉടലെടുത്തത്. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗവും നിലപാടില്‍ ഉറച്ചു നില്‍ക്കുക ആണ് എങ്കില്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് തനിച്ചു മത്സരിക്കണം എന്ന അഭിപ്രായം കോണ്‍ഗ്രസ് ജില്ലാനേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്