mission-mangal

തെന്നിന്ത്യൻ താരം നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് മിഷൻ മംഗൾ. ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ മംഗൾയാൻ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗൻ ശക്തിയാണ്. അക്ഷയ്കുമാറാണ് ചിത്രത്തിലെ നായകൻ. ഐ.എസ്.ആർ.ഒയിലെ രാകേഷ് ധവാൻ എന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ്കുമാർ എത്തുന്നത്. താര ഷിൻഡേ എന്ന ശാസ്ത്രജ്ഞയായി വിദ്യാബാലനും ചിത്രത്തിൽ എത്തുന്നു. ഇവർക്കൊപ്പം തപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനോൻ, കൃതി കുൽഹാരി, ശർമൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

മിഷൻ മംഗളിൽ മഞ്ജു വാര്യരും അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നുവെന്നു തുറന്നു സംവിധായകൻ പറയുന്നു. രാജ്യത്തെ നല്ല നടീ നടൻമാരെയെല്ലാം ചിത്രത്തിൽ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. മലയാളത്തിൽ നിന്ന് മഞ്ജു വാര്യർ, തമിഴിൽ നിന്ന് സുഹാസിനി മണിരത്‌നം, കന്നഡയിൽ നിന്നും അനു പ്രഭാകർ,​ ഒരു ബംഗാളി നടി, ഒരു ഹിന്ദി നടി എന്നിവരെ അഭിനയിപ്പിക്കാനായിരുന്നു ആഗ്രഹം. എഴുതിത്തുടങ്ങിയ സമയത്ത് ശ്രീദേവിയായിരുന്നു മനസിൽ. അക്ഷയ്കുമാർ ഈ പ്രൊജക്ട് ചെയ്യാമെന്നേറ്റപ്പോൾ ഹിന്ദി ആർട്ടിസ്റ്റുകളോടു തന്നെ സംസാരിക്കാമെന്നു വച്ചു. അവർ തയ്യാറായില്ലെങ്കിൽ ആദ്യത്തെ പ്ലാൻ പ്രകാരം മുമ്പോട്ടു പോകാമെന്നും ചിന്തിച്ചു. അവരേവരും സഹകരിക്കാന്‍ തയ്യാറായതായി അദ്ദേഹം പറഞ്ഞു.

കഥ കേട്ട ഉടനെ വിദ്യാ ബാലൻ ചെയ്യാമെന്ന് സമ്മതിച്ചു. സൊനാക്ഷി സിൻഹയും അകിരയും എന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നു. തപ്‌സിയ്ക്കും സമ്മതമായിരുന്നു. ദക്ഷിണേന്ത്യൻ കഥാപാത്രമായി നിത്യയായിരുന്നു ആദ്യ ചോയ്‌സെന്നും ജഗൻ ശക്തി പറഞ്ഞു. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞയായാണ് നിത്യ ചിത്രത്തിലെത്തുന്നത്.