പറവൂർ : പ്രളയത്തിൽ തകർന്ന വീട് ശക്തമായ മഴയിൽ നിലംപൊത്തി. രണ്ട് പേർക്ക് പരിക്കേറ്റു. പറവൂർ പെരുമ്പടന്ന കല്ലുചിറയിൽ കളത്തിൽ പ്രതാപന്റെ വീടാണ് ഇന്നലെപുലർച്ചെ മൂന്ന് മണിയോടെ തകർന്നത്.ഭാര്യ പ്രസന്ന(44), മകൻ ആൽബി(11)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്ക് സാരമുള്ളതല്ല . ഓടുകൾ വീഴുന്ന ശബ്ദംകേട്ട് പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതുകൊണ്ട് പ്രതാപനും മകളും രക്ഷപ്പെട്ടു. മുൻഭാഗത്തെ വരാന്ത ടെറസാണെങ്കിലും മറ്റു ഭാഗങ്ങൾ ഓടിട്ടതാണ്. ഈ ഭാഗങ്ങളാണ് പൂർണമായി നിലംപതിച്ചത്. പ്രളയത്തിൽ പൂർണമായി നശിച്ചവീടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി ഇവർക്ക് ധനസഹായം അനുവദിച്ചിരുന്നെങ്കിലും തീരദേശ പരിപാലന നിയമത്തിൽ കുരുങ്ങി നിർമ്മാണത്തിന് അനുമതി ലഭിച്ചില്ല. വീടിന്റെ സമീപത്ത് നിന്ന് 47 മീറ്റർ അകലെ പൊക്കാളി നിലം ഉണ്ടെന്ന കാരണം ചൂണ്ടി ക്കാട്ടിയാണ് അനുമതി നിഷേധിച്ചത് . വീടുള്ളവർക്ക് അത് വാസയോഗ്യമല്ലാതായാൽ അതേ സ്ഥലത്ത് വീട് വയ്ക്കാൻ നിയമമുണ്ടെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്.