ബെയ്ജിംഗ്: ഇന്ത്യയുടെ ചന്ദ്രയാൻ 2 വിക്ഷേപണ വിജയത്തെ പുകഴ്ത്തി ചെെനീസ് മാദ്ധ്യമങ്ങൾ. ഗ്ലോബൽ ടൈംസ് ഉൾപ്പടെയുള്ള ചൈനീസ് മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ചന്ദ്രയാൻ–2 വിക്ഷേപണത്തെ കണ്ടത്. മാത്രമല്ല ചന്ദ്രയാൻ ദൗത്യത്തിൽ ഭാവിയിൽ ഇന്ത്യയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും ചെെന അറിയിച്ചു. നിരവധി ചെെനീസ് നേതാക്കളും ഇന്ത്യയേയും ഐ.എസ്.ആർ.ഒയേയും അഭിന്ദിച്ച് രംഗത്തെത്തി.
ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ പറഞ്ഞു. ചാന്ദ്ര പര്യവേഷണങ്ങൾ നടത്താൻ ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും ചേരാൻ ചൈന തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രനെക്കുറിച്ചും അതിനപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും കൂടുതൽ കണ്ടെത്തേണ്ടത് മനുഷ്യരാശിയുടെ മുഴുവൻ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെെനയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ തലവൻ വു വീറെനും ഇന്ത്യയെ അഭിനന്ദിച്ചു.
ചന്ദ്ര ദൗത്യങ്ങൾക്കായുള്ള അന്താരാഷ്ട്ര പര്യവേക്ഷണ പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്വന്തം പദ്ധതിയൊരുക്കി ആരുമായും മത്സരിക്കുന്നതിൽ അർത്ഥമില്ലെന്നും വു വീറെൻ അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യയുടെ വിക്ഷേപണ വിജയത്തെ പ്രശംസിച്ച് നിരവധി രാജ്യങ്ങളാണ് രംഗത്തെത്തിയത്. ചെലവ് കുറഞ്ഞ പദ്ധതിയായത് കൊണ്ട് നാസ വരെ ചന്ദ്രയാൻ ദൗത്യത്തെ നിരീക്ഷിക്കുകയാണ്. പദ്ധതി വിജയിച്ചാൽ ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.