ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെക്കൂടി അറസ്റ്റുചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന റോയ് പി.വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി.
കഴിഞ്ഞമാസം 21നാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വാഗമൺ സ്വദേശി രാജ്‍കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. അന്വേഷണത്തിൽ നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്‍കുമാറിന് ക്രൂരമർദ്ദനമേറ്റെന്ന് കണ്ടെത്തി. ഈർക്കിൽ പ്രയോഗവും, മുളക് പ്രയോഗവും അടക്കമുള്ള മൂന്നാംമുറകളാണ് പൊലീസുകാർ രാജ്‍കുമാറിന് മേൽ പ്രയോഗിച്ചത്. ഇതോടെ നെടുങ്കണ്ടം എസ്‍.ഐ സാബു അടക്കം നാല് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.