കൊച്ചി: കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സി.പി.ഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതിനെക്കുറിച്ച് കളക്ടർ എസ്. സുഹാസ് അന്വേഷണം തുടങ്ങി. ആശുപത്രിയിൽ കഴിയുന്ന നേതാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും സന്ദർശിച്ച് പ്രാഥമികമായി മൊഴിയെടുത്തു. ഇവർ ആശുപത്രി വിട്ടശേഷം വിശദമായ മൊഴി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു.
മാർച്ചിന്റെയും സംഘർഷത്തിന്റെ ദൃശ്യങ്ങൾ കളക്ടർ ശേഖരിച്ചു. കൈ ഒടിഞ്ഞ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ.എൻ. സുുഗതൻ, ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ എന്നിവർ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. കൈക്ക് പൊട്ടലേറ്റ എറണാകുളം അസി. കമ്മിഷണർ കെ. ലാൽജി, സെൻട്രൽ എസ്.ഐ. വിബിൻദാസ് എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
അതേസമയം, തന്നെ മർദ്ദിച്ചത് സെൻട്രൽ എസ്.ഐ വിബിൻദാസാണെന്ന് എൽദോ എബ്രഹാം ആരോപിച്ചു. എൽദോയുടെ പുറംനോക്കി എസ്.ഐ ലാത്തി വീശുന്ന ചിത്രവും പുറത്തുവിട്ടു. പൊലീസിന്റെ ക്രൂരമർദ്ദനത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം പരസ്യമായി പ്രതികരിക്കാത്തതിൽ ജില്ലയിലെ അണികളിൽ പ്രതിഷേധമുണ്ട്. കെ.ഇ. ഇസ്മായിൽ മാത്രമാണ് പരസ്യപ്രതികരണം നടത്തിയത്. മർദ്ദനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് നാളെ ചേരും. കൂടുതൽ സമരപരിപാടികളും ആസൂത്രണം ചെയ്യും. ക്രിമിനലുകൾക്ക് കൂട്ടുനിൽക്കുന്ന ഞാറയ്ക്കൽ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ മാർച്ച്.
പൊലീസിന് രാജാവിനെക്കാൾ രാജഭക്തി
രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന ഒരു വിഭാഗം പൊലീസുകാരാണ് സേനയെയും സർക്കാരിനെയും കുഴപ്പത്തിലാക്കുന്നത്. ചെറിയൊരു വിഭാഗം നിരന്തരം പ്രശ്നമുണ്ടാക്കുന്നു. സർക്കാരിന്റെ പ്രതിച്ഛായ തകർക്കുകയാണ് അവരുടെ ലക്ഷ്യം.
- പി. രാജു, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി.