amboori

തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയുടെ മൃതദേഹം സൈനികനായ സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നു കണ്ടെത്തി. പൂവാർ സ്വദേശി രാഖി (30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാൻമുക്കിൽ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നു കണ്ടെത്തിയത്. എറണാകുളത്തു ജോലി ചെയ്യുന്ന രാഖിയെ 21 മുതൽ കാണാനില്ലായിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: രാഖിയും അമ്പൂരി സ്വദേശി അഖിലും പ്രണയത്തിലായിരുന്നു. എന്നാൽ, അഖിലിന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചതോടെ രാഖിമോൾ അഖിലിനെ നിരന്തരം ശല്യംചെയ്തിരുന്നു. ഇതേത്തുടർന്നാണ് രാഖിയെ കൊല്ലാന്‍ അഖിൽതീരുമാനിക്കുന്നത്. തുടര്‍ന്ന് ജൂലായ് 21ന് കാറിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. രാഖിയെ ജൂൺ 21 മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജോലി സ്ഥലത്തെത്തിയിരുന്നില്ലെന്ന് വ്യക്തമായി. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി അഖിൽ എസ് നായർ എന്ന അമ്പൂരി സ്വദേശിയുമായി പ്രണയത്തിലാണെന്ന് മനസിലായത്. അഖിലിന്റെ സുഹൃത്ത് നൽകിയ സൂചനയനുസരിച്ചാണ് അമ്പൂരി തട്ടാൻമുക്കിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു മൃതദേഹം മറവ് ചെയ്തതായി പൊലീസിനു സൂചന ലഭിച്ചത്.