തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്ത് കേസിൽ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവ്വകലാശാല ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് സംഭവത്തെ ന്യായീകരിച്ച എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്തെത്തി. ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്ന് ബൽറാം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
വിജയരാഘവനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എം.എൽ.എ പരിഹസിക്കുന്നു. ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നും പ്രതിയുടെ വീട്ടിൽനിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാദ്ധ്യമങ്ങൾ പാർട്ടിയെ ആക്രമിക്കാൻ ഉപയോഗിക്കുകയാണെന്നും വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോയെന്നും അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നുവെന്നും ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?
ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ?
അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു?
ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ?
സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?
ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?
ജസ്റ്റ് കമ്മി കൺവീനർ തിങ്സ്