ബംഗളൂരു: കർണാടകയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് 14 മാസം പ്രായമുള്ള എച്ച്.ഡി. കുമാരസ്വാമി സർക്കാർ നിലംപൊത്തിയതിന് പിന്നാലെ അധികാമേൽക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി. ബി.എസ്. യെദിയൂരപ്പ ഉടൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ രാജിക്കത്ത് ഗവർണർക്ക് കൈമാറിയെങ്കിലും പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരും.
ബി.ജെ.പി ഉടൻ സർക്കാർ രൂപീകരിക്കുമെന്നും ഡൽഹിയിൽ നിന്നുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം കാത്തിരിക്കുകയാണെന്നെന്നും ആർ.എസ്.എസ് നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം യെദിയൂരപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏത് സമയത്തും നിയമസഭാ കക്ഷി യോഗം വിളിക്കുമെന്നും ഒരുമിച്ച് ചെന്ന് ഗവർണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമത എം.എൽ.എമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിന് 'സ്പീക്കർ പദവിയുടെ കരുത്ത് രണ്ട് ദിവസത്തിനകം കർണാടകയിലെ ജനം തിരിച്ചറിയുമെന്ന്' സ്പീക്കർ കെ.ആർ. രമേശ് കുമാർ പ്രതികരിച്ചു. നിയമസഭയിൽ സ്വതന്ത്രൻ അടക്കം രണ്ടുപേരുടെ പിന്തുണയോടെ 107 എം.എൽ.എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബി.ജെ.പി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താൽ, ബി.ജെ.പിക്ക് കേവലഭൂരിപക്ഷമാകും.
അതേസമയം, കോൺഗ്രസ്-ജെ.ഡി.എസ് സഖ്യകക്ഷി സർക്കാർ വീണെങ്കിലും ഉപതിരഞ്ഞെടുപ്പ് വരെ സഖ്യം തുടരുമെന്നും തങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുമാരസ്വാമി പറഞ്ഞു.
വിമർശനവുമായി മായാവതി
കുമാരസ്വാമി സർക്കാരിന്റെ പതനം ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണന്ന് മായാവതി പറഞ്ഞു. ബി.എസ്.പിയുടെ ഏക എം.എൽ.എ എൻ. മഹേഷ് പാർട്ടി വിപ് ലംഘിച്ച് വിശ്വാസ വോട്ടിൽ പങ്കെടുത്തില്ല. അദ്ദേഹത്തെ മായാവതി പാർട്ടിയിൽ നിന്ന് പുറത്താക്കി.
നാലാമൂഴത്തിന് യെദിയൂരപ്പ
2007ലാണ് യെദിയൂരപ്പ ആദ്യം മുഖ്യമന്ത്രിയായത്. 7 ദിവസമേ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളൂ.
2008 മേയ് 30 ന് വീണ്ടും മുഖ്യമന്ത്രിയായി. മൂന്നു വർഷവും രണ്ടുമാസവും ഭരിച്ചു.
അനധികൃത ഇരുമ്പയിരു ഖനനക്കേസിൽ 2011ൽ രാജിവച്ചു.
ബി.ജെ.പി.യുമായി തെറ്റി 2012ൽ കെ.ജെ.പി രൂപവൽകരിച്ചു.
2013ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തോൽവി. യെദിയൂരപ്പയുടെ ജനപിന്തുണ കണ്ടറിഞ്ഞ് ബി.ജെ.പിയിൽ തിരിച്ചെടുത്തു.
2018 മേയ് 17ന് മൂന്നാമതും മുഖ്യമന്ത്രിയായെയെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവാതെ ആറുദിവസത്തിന് ശേഷം പടിയിറങ്ങി.
ജനപിന്തുണ പരിഗണിച്ചാണ് 76കാരനായ യെദിയൂരപ്പയെ ബി.ജെ.പി. കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടും പരിഗണിക്കുന്നത്. 75 കഴിഞ്ഞവരെ മാറ്റിനിറുത്തുന്നതാണ് കീഴ്‌വഴക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി അടുത്തബന്ധമുള്ള നേതാവാണ് യെദിയൂരപ്പ.