ak-balan

തിരുവനന്തപുരം: എറണാകുളത്ത് സി.പി.ഐയുടെ എം.എൽ.എ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചതിൽ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പ്രതിഷേധം രേഖപ്പെടുത്തി. എം.എൽ.എയെ തല്ലിയത് സായുധ പൊലീസും സി.ആർ.പി.എഫും അല്ലെന്നും കണ്ടാലറിയുന്ന ലോക്കൽ പൊലീസാണെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

കണ്ടാലറിയുന്ന എം.എൽ.എയെ ലോക്കൽ പൊലീസ് മർദിച്ചത് നിയമവാഴ്ച തകർന്നതിന്റെ ഉദാഹരണമാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. എന്നാൽ ഭരണകക്ഷിയിലുള്ളവർ സമരത്തിലിറങ്ങിയാൽ ഇങ്ങനെയൊക്കെ വരുമെന്ന് നിയമമന്ത്രി എ.കെ.ബാലൻ മറുപടി പറഞ്ഞു. പിന്നീടുണ്ടായ തർക്കം മുഖ്യമന്ത്രി ഇടപെട്ടാണ് അവസാനിപ്പിച്ചത്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത് സ്വാഗതാർഹമാണെന്നും എങ്കിലും ജനപ്രതിനിധിക്ക് മർദ്ദനമേൽക്കേണ്ടിവരുന്നത് പ്രതിഷേധാർഹമാണെന്നും ഇ ചന്ദ്രശേഖരൻ പിന്നീട് പറഞ്ഞു. സി.പി.ഐയുടെ മറ്റുമന്ത്രിമാരായ പി തിലോത്തമനും വി.എസ്. സുനില്‍കുമാറും എ.കെ.ബാലന് എതിരെ രംഗത്ത് വന്നു. സമരങ്ങൾ നടത്തിയാണ് തങ്ങൾ ഇതുവരെയെത്തിയതെന്നും ഇനിയും അടികൊള്ളാൻ മടിയില്ലെന്നും എന്നാൽ ഒരു എം.എൽ.എയെ പൊലീസ് വളഞ്ഞിട്ട് തല്ലുന്നത് ശരിയല്ലെന്നും മന്ത്രിമാർ പറഞ്ഞു.