england-

ലോർഡ്സ്: തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയ ലോർഡ്സിൽ അയർലണ്ടിന് മുന്നിൽ നാണംകെട്ട് ഇംഗ്ലണ്ട്. ആതിഥേയരായ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സിൽ 85 റൺസിനാണ് അയർലൻഡ് ആൾ ഔട്ടാക്കിയത്.

ലോർഡ്സിന്റെ 135 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ട് ലഞ്ചിന് മുമ്പ് ഒരു ടെസ്റ്റിൽ ഓള്‍ ഔട്ടാവുന്നത്. ഇതിനുപുറമെ 1997നുശേഷം നാട്ടിൽ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്കോറെന്ന നാണക്കേടും ഇംഗ്ലണ്ടിന്റെ പേരിലായി. 23.4 ഓവർ മാത്രമായിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്സ് നീണ്ടുനിന്നത്. മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്നു പേർപൂജ്യത്തിന് പുറത്താകുകയും ചെയ്തു. 23 റൺസെടുത്ത ജോ ഡെൻലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. പത്താമനായി ഇറങ്ങി 19 റൺസെടുത്ത ഒല്ലി സ്റ്റോണാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഉയർന്ന സ്‌കോറിനുടമ.

ജോസഫ് ബേൺസ് (6), ജേസൺ റോയ് (5), ജോ ഡെൻലി (23), ജോ റൂട്ട് (2), ജോണി ബെയർസ്‌റ്റോ (0), മോയിൻ അലി (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകൾ.

ഒമ്പതോവറിൽ 13 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ടിം മുർത്താഗും മൂന്ന് വിക്കറ്റെടുത്ത മാർക്ക് അഡെയറുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ബോയ്ഡ് റാൻകിൻ രണ്ടു വിക്കറ്റെടുത്തു.