ലണ്ടൻ: ബുക്കർ പുരസ്കാരത്തിന്റെ പട്ടികയിൽ ഇന്ത്യൻ വംശജൻ സൽമാൻ റുഷ്ദി ഉൾപ്പെടെ 13 പേർ ഇടം നേടി. 151 നോവലുകളിൽ നിന്നാണ് 13 പേരുടെ പട്ടിക പുരസ്കാര നിർണയ സമിതി തിരഞ്ഞെടുത്തത്. പീറ്റര്‍ ഫ്ലോറസ് അധ്യക്ഷനായ സമിതിയിൽ ലിസ് ക്ലഡർ, ഷയോലു ഗോ, അഫിവ ഹിർഷ് , ജൊഅന്ന മക് ഗ്രെഗർ എന്നിവരാണ് മറ്റംഗങ്ങൾ.
ഡോൺ ക്വിക്‌സോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റുഷ്ദി എഴുതിയ 'കിഷോട്ട്' എന്ന പുസ്തകമാണ് ബുക്കർ പുരസ്കാര പട്ടികയിൽ ഇടം നേടിയത്. മാർഗരറ്റ് ആറ്റ് വുഡിന്റെ ദി ടെസ്റ്റാമെന്റ് എന്ന പുസ്തകമാണ് പട്ടികയിൽ ഇടംപിടിച്ചവയിൽ പ്രധാനപ്പെട്ട മറ്റൊന്ന്. ഇത് ആറാം തവണയാണ് ആറ്റ് വുഡ് നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെടുന്നത്.
കെവിൻ ബെറി, ഒയിൻകൻ ബ്രെയിത്ത് വെയ്റ്റ്, ലൂസി എൽമാൻ, ബെർണാർഡിൻ എവറിസ്റ്റോ, ജോൺ ലഞ്ചസ്റ്റർ, ഡെബൊറ ലിവി, വലേറിയ ലൂയിസെല്ലി, ചിഗോസിയെ ഒബിയോമ, മാക്‌സ് പോർട്ടർ, എലിഫ് ഷഫക്, ജനറ്റ് വിന്റർസൺ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
സെപ്റ്റംബർ മൂന്നിന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ ആറുപുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. ഒക്ടോബർ 10നാണ് ബുക്കർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ടിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകൾക്കാണ് ബുക്കർ പുരസ്‌കാരം നൽകുന്നത്.