ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് തന്റെ കണ്ണഞ്ചിക്കുന്ന എയ്സുകൾ പോലെ വീട് ഡിസൈൻ ചെയ്യുമ്പോഴും കൃത്യമായ ധാരണയുണ്ടായിരുന്നു,. ലോസ്ആഞ്ചലസിലെ തന്റെ വീടിന്റെ മുക്കും മൂലയും പോലും ഡിസൈൻ ചെയ്തതിൽ ഷറപ്പോവയുടെ പാടവം കാണാം. ആർക്കിടെക്ചറൽ ടെക്ചറൽ ഡൈജസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഷറപ്പോവ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെക്കുന്നത്. ഡിസൈനുകളോടും നിർമ്മാണ ശൈലികളോടുമൊക്കെയുള്ള ഷറപ്പോവയുടെ അഗാധമായ അറിവ് വീട്ടിനുള്ളിൽ കയറിയാലും കാണാം. പഴമയോടുള്ള പ്രിയം മൂലം വിന്റേജ് സ്റ്റൈലിലുള്ള നിരവധി സാധനങ്ങളും ഷറപ്പോവ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമില്ലാത്തതൊന്നും വീട്ടിൽ വേണ്ടെന്ന് വച്ചിട്ടുണ്ട് ഷറപ്പോവ.
ബീച്ചിനോടു ചേർന്നാണ് ഷറപ്പോവയുടെ വീട്. ജാപ്പനീസ് പൈൻ പിടിപ്പിച്ച കോർട്ട്‌യാർഡാണ് ആദ്യം. ഇവിടെ നിന്ന് ഇരട്ടി ഉയരമുള്ള ഒരു ലിവിങ് സ്‌പേസിലേക്കാണ് കടക്കുന്നത്. ബീച്ചിലാണെന്ന തോന്നലുണ്ടാക്കുന്നവിധമാണ് ഇതിന്റെ ഡിസൈൻ.
1960 കളിലുള്ള പുരാതനമായ ഒരു കസേരയും മേശയുടെ കൗണ്ടര്‍ടോപ്പുമൊക്കെ ഷറപ്പോവയുടെ പഴമയോടുള്ള ഇഷ്ടം തെളിയിക്കുന്നു.
ഷറപ്പോവയ്ക്ക് വീട്ടിലെ ഏറ്റവും ഇഷ്ടമേറിയ സ്ഥലം ലിവിംഗ് റൂമാണ്. വീടൊരുക്കുന്നതിൽ മിനിമലിസം പാലിച്ചതുകൊണ്ടു തന്നെ ധാരാളം വാൾപേപ്പറുകളോ ഫോട്ടോകളോ ഒന്നും ഷറപ്പോവ ഒരുക്കിയിട്ടില്ല. സുഹൃത്തുക്കൾക്കൊപ്പം ഗെറ്റ്ടുഗെതർ സംഘടിപ്പിക്കാൻ മേശയും കസേരകളുമൊക്കെ സെറ്റ് ചെയ്ത ഔട്ട്‌ഡോർ സ്‌പേസും വീട്ടിലുണ്ട്.
വീടിനോടു ചേർന്നാണ് സ്വിമ്മിംഗ്പൂളിന്റെയും സ്ഥാനം. അതിനു സമീപത്തായി പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്. അടുക്കളയിൽ നിന്നാൽപോലും സ്വിമ്മിങ് പൂൾ കാണുന്ന രീതിയിലാണ് നിർമ്മാണം. വീട്ടില്‍ ഓഫീസിനായി പ്രത്യേകം മുറി പണിതിട്ടില്ല. ആർക്കിടെക്ചർ സംബന്ധമായ പുസ്തകങ്ങൾ വായിക്കുന്നതും ബ്രൗസ് ചെയ്യുന്നതുമൊക്കെ തനിക്കു പ്രിയപ്പെട്ട കാര്യങ്ങളാണെന്ന് ഷറപ്പോവ പറയുന്നു.
ഓപ്പൺ ശൈലിയിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. അതിഥികളോട് സംസാരിക്കാനും സിനിമ കാണാനുമൊക്കെ കഴിയണം എന്നതുകൊണ്ടാണിത് . വീട്ടിലെ മറ്റൊരു ആകർഷണം അണ്ടർഗ്രൗണ്ടിലേക്കു പണിത ഇടമാണ്. ധാരാളം പെയിന്റിങ്ങുകളും ഗെയിമിനു വേണ്ടി ഒരുക്കിയ ഇടവുമൊക്കെയാണിത്.