ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് അനുകൂലമായി നിയമസഭയിൽ വോട്ട് ചെയ്ത ബി.ജെ.പി എം.എൽ.എമാരെ കോൺഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ബി.ജെ.പി എം.എൽ.എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോൾ എന്നിവരെയാണ് അജ്ഞാത കേന്ദ്രത്തിവേക്ക് മാറ്റിയത്. ഇവർ ഇന്ന് കമൽനാഥിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ക്രിമിനൽ നിയമഭേദഗതി ബില്ലിൽ സർക്കാരിന് അനുകൂലമായി ഇവർ വോട്ടുചെയ്തിരുന്നു
.
മുമ്പ് കോൺഗ്രസിലായിരുന്ന ഇവർ പിന്നീടാണ് ബി.ജെ.പിയിൽ ചേർന്നത്.. സഭയിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ നാരായണും ശരദും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. തങ്ങളുടെ മണ്ഡലങ്ങളിൽ വികസനം കൊണ്ടുവരാനാണ് സർക്കാരിനെ പിന്തുണച്ചതെന്ന് എം.എൽ.എമാർ പ്രതികരിച്ചു. 231 അംഗ നിയമസഭയിൽ സ്പീക്കറെ കൂടാതെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും അംഗബലം 120 ആണ്. എന്നാൽ ബുധനാഴ്ച വോട്ടെടുപ്പ് നടന്നപ്പോൾ 122 എം.എൽ.എമാരുടെ പിന്തുണ സർക്കാരിന് ലഭിച്ചു.