തിരുവനന്തപുരം: ടെക്നോപാർക്കിലേക്ക് ലൈറ്റ് മെട്രോ ഓടിയെത്താൻ വഴിതെളിയുന്നു. കരമന മുതൽ ടെക്നോസിറ്റി വരെയുള്ള നിലവിലെ മെട്രോ പാതയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്താൻ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ (കെ.ആർ.ടി.എൽ) ബോർഡ് യോഗമാണ് തീരുമാനിച്ചത്. രണ്ടുമാസത്തിനകം ഇതിനുള്ള സാദ്ധ്യതാപഠനം പൂർത്തിയാക്കും. ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്തി ലൈറ്റ് മെട്രോയുടെ പദ്ധതിരേഖ അനുമതിക്കായി കേന്ദ്രസർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം. ലൈറ്റ് മെട്രോ ടെക്നോപാർക്കിലെ എല്ലാ ജീവനക്കാർക്കും ഉപയോഗിക്കാനാവുമോ എന്ന് പഠിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചത്.
അരലക്ഷത്തിലേറെ ടെക്കികൾ ജോലിചെയ്യുന്ന ടെക്നോപാർക്കുകൂടി ഉൾപ്പെടുത്തിയാൽ ലൈറ്റ് മെട്രോ യാത്രികരുടെ എണ്ണം കൂടുമെന്നും ലാഭകരമാവുമെന്നും ബോർഡ് യോഗം വിലയിരുത്തി. നേരത്തേ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) ലൈറ്റ് മെട്രോ പാതയിൽ ടെക്നോപാർക്കിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ചതാണ്. ടെക്നോപാർക്കിന്റെ ദേശീയപാതയിലെ പ്രവേശനകവാടത്തിനടുത്ത് മെട്രോ സ്റ്റേഷൻ സ്ഥാപിച്ച്, അവിടെനിന്ന് ടെക്നോപാർക്കിലേക്ക് തുടർച്ചയായി ബസ് സർവീസ് ഏർപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ 120 കോടി അധികം ചെലവാക്കിയാൽ ടെക്നോപാർക്കിലേക്ക് സർവീസ് നീട്ടാമെന്നും 1.4 ഹെക്ടർ സ്വകാര്യഭൂമിയേറ്റെടുത്താൽ മതിയെന്നും ജീവനക്കാരുടെ സംഘടനകൾ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിരുന്നു. ടെക്നോപാർക്ക് ഉൾപ്പെടുത്തിയാൽ ലൈറ്റ് മെട്രോയുടെ നഷ്ടം കുറയ്ക്കാനും കഴിയുമെന്ന് വിദഗ്ദ്ധോപദേശം ലഭിച്ചതോടെയാണ് ലൈറ്റ് മെട്രോയുടെ പാതയിൽ ചെറിയ വ്യത്യാസം വരുത്താനാവുമോയെന്ന് പഠിക്കുന്നത്.
കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് വഴി ടെക്നോപാർക്കിന് പിൻഭാഗത്തു കൂടി ദേശീയപാതയിലെ അമ്പലത്തുംകരയിലെത്തി അവിടെ നിന്ന് കാര്യവട്ടത്തേക്കുള്ള പാതയിൽ കയറുംവിധത്തിലായിരിക്കും പുതിയ അലൈൻമെന്റ്. വിശദമായ പഠനത്തിന് നാട്പാകിനെ ചുമതലപ്പെടുത്തിയേക്കും. എന്നാൽ ഈ പാത കയറ്റമുള്ള പ്രദേശത്താണെന്നത് വെല്ലുവിളിയാണ്. ടെക്നോപാർക്കിന് മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസിൽ നാലുവരി ഓവർബ്രിഡ്ജിന്റെ നിർമ്മാണം ദേശീയപാത അതോറിട്ടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അലൈൻമെന്റും നിശ്ചയിച്ചുകഴിഞ്ഞു. ടെക്നോപാർക്കിനെ ഉൾപ്പെടുത്താനുള്ള തീരുമാനം അല്പം കൂടി മുൻപായിരുന്നെങ്കിൽ ഈ ഓവർബ്രിഡ്ജിൽ മെട്രോയ്ക്കുള്ള പാതയും ഉൾപ്പെടുത്താമായിരുന്നു. എന്നാൽ ലൈറ്റ് മെട്രോ പാതയ്ക്കായി വേറെ വഴി തേടുമെന്ന് കെ.ആർ.ടി.എൽ അധികൃതർ അറിയിച്ചു. ലൈറ്റ് മെട്രോ യാഥാർത്ഥ്യമാക്കാൻ നടപടികൾ വേഗത്തിലാക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. ശ്രീകാര്യം, ഉള്ളൂർ, പട്ടം ഓവർബ്രിഡ്ജുകൾക്ക് സ്ഥലമെടുപ്പ് വേഗത്തിലാക്കും. ഇക്കൊല്ലം തന്നെ സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഓവർബ്രിഡ്ജ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം. സ്ഥലമെടുത്ത് കൈമാറിക്കഴിഞ്ഞ് ഒരുവർഷത്തിനകം ശ്രീകാര്യം, ഉള്ളൂർ പാലങ്ങളും പട്ടം ഓവർബ്രിഡ്ജ് ഒന്നരവർഷത്തിനകവും പൂർത്തിയാക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ലൈറ്റ് മെട്രോയ്ക്കായി ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതിരേഖയിലുള്ള യാത്രക്കാരുടെ എണ്ണം, പരസ്യം അടക്കമുള്ള ധനാഗമ മാർഗങ്ങൾ, നികുതിവർദ്ധന എന്നിവ യാഥാർത്ഥ്യബോധമുള്ളതല്ലെന്ന് വിലയിരുത്തി നേരത്തേ ഐ.എ.എസുകാരുടെ സമിതി ലൈറ്റ് മെട്രോയെ എതിർത്തിരുന്നു. മനോജ് ജോഷി, കമലവർദ്ധൻറാവു, കെ. ആർ. ജ്യോതിലാൽ, അജിത്പാട്ടീൽ എന്നിവരായിരുന്നു സമിതിയിൽ. കൊച്ചി മെട്രോ നഷ്ടത്തിലോടുന്നത് ചൂണ്ടിക്കാട്ടിയാണ് ലൈറ്റ് മെട്രോയ്ക്കെതിരെ ഐ.എ.എസുകാർ വാളെടുത്തത്. കൊച്ചി മെട്രോയിൽ നിത്യേന മൂന്നരലക്ഷം യാത്രക്കാരുണ്ടാവുമെന്നാണ് പദ്ധതിരേഖയിൽ ഉണ്ടായിരുന്നതെങ്കിലും 35,000 പേർ പോലും യാത്രചെയ്യുന്നില്ലെന്ന് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി. പ്രതിദിനം ആറരലക്ഷം രൂപ നഷ്ടത്തിലാണ് കൊച്ചി മെട്രോ.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയിൽ നിത്യേന രണ്ടരലക്ഷം യാത്രക്കാരുണ്ടാവുമെന്ന ശ്രീധരന്റെ കണക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും കൊച്ചിയുടെ പകുതി യാത്രക്കാർ പോലുമില്ലാതെ ലൈറ്റ് മെട്രോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും മെട്രോകളുടെ നഷ്ടംനികത്താനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരിനാണെന്നുമായിരുന്നു ഐ.എ.എസുകാരുടെ ആദ്യവിലയിരുത്തൽ. പിന്നീട് സർക്കാരിന്റെ സമ്മർദ്ദമുണ്ടായതോടെ യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ കൊച്ചി മെട്രോയുമായി ലൈറ്റ് മെട്രോയെ താരതമ്യപ്പെടുത്താനാവില്ലെന്നും റെയിൽവേ, ബസ് സ്റ്റേഷൻ കണക്ടിവിറ്റിയുള്ളതിനാൽ തിരക്കു നിയന്ത്രിക്കാൻ അനുയോജ്യമാണെന്നും ഐ.എ.എസ് സമിതി നിലപാട് മാറ്റി. ടെക്നോപാർക്കു കൂടി വരുന്നതോടെ ലൈറ്റ് മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നും നഷ്ടം കുറയുമെന്നുമാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കെ.ആർ.ടി.എൽ ബോർഡ് വിലയിരുത്തിയത്.
ഗുണം 60,000 ടെക്കികൾക്ക്
ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ്-3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നു. അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും ഏറെയാണ്. നിലവിൽ കരമന വരെയുള്ള മെട്രോ ഭാവിയിൽ നെയ്യാറ്റിൻകര വരെയും പള്ളിപ്പുറത്തു നിന്ന് ആറ്റിങ്ങൽ വരെയും നീട്ടിയാൽ നഗരയാത്രയ്ക്ക് ഏറെ ഉപകാരപ്പെടും. നിലവിൽ ഒന്നരലക്ഷത്തോളം ആളുകൾ നിത്യേന കഴക്കൂട്ടത്ത് വന്നുപോകുന്നതായാണ് കണക്ക്.
വേണ്ടത് ലൈറ്റ് മെട്രോതന്നെ: ഇ. ശ്രീധരൻ
കൊച്ചിയിലേതുപോലെ മീഡിയം മെട്രോയാണ് തിരുവനന്തപുരത്ത് വേണ്ടതെന്നാണ് മിക്കവരുടെയും ആവശ്യം. ഇതിന് ഇ. ശ്രീധരന്റെ മറുപടി ഇങ്ങനെ:
20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാണ് കേന്ദ്രസർക്കാർ മെട്രോ അനുവദിക്കുക. തിരുവനന്തപുരത്ത് പത്തുലക്ഷത്തിന് താഴെ മാത്രം. വലിയ മെട്രോ ഓടിക്കാനാവശ്യമായ ജനസംഖ്യയില്ലാത്തതിനാൽ അനുമതിക്ക് തടസമാവും. തുടക്കത്തിൽ ലൈറ്റ് മെട്രോയ്ക്ക് ഒറ്റലൈനേ ഉണ്ടാവൂ. ഭാവിയിൽ സമാന്തരമായി മീഡിയം മെട്രോ ലൈൻ സ്ഥാപിക്കാനാവും.
കൊച്ചിയിൽ ശേഷിയുടെ പകുതി യാത്രക്കാർ പോലുമില്ലെന്നത് മറക്കരുത്. ലൈറ്റ് മെട്രോയാണെങ്കിൽ വേഗത്തിൽ അനുമതി നേടാമെന്ന് മാത്രമല്ല, ചെലവ് 25 ശതമാനം കുറയുകയും ചെയ്യും. അതിനാൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ഇപ്പോൾ ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി തേടുന്നതാണ് ഉചിതം.