തിരുവനന്തപുരം: കർക്കടക വാവുബലിക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ വാവുബലിക്കൊരുങ്ങാതെ തലസ്ഥാനത്തെ പ്രധാന ബലിക്കടവുകൾ. ഈ മാസം 31നാണ് കർക്കടകവാവ്. തലസ്ഥാനത്തെ പ്രധാന ബലിക്കടവുകളായ ശംഖുംമുഖത്തും തിരുവല്ലത്തും ഒരുക്കങ്ങളൊന്നും തന്നെ പൂർത്തിയായിട്ടില്ല. ശംഖുംമുഖത്തെ തീരം കടലെടുത്തതാണെങ്കിൽ തിരുവല്ലത്ത് ഒരുക്കങ്ങൾ പൂർത്തിയായില്ലെന്നതാണ് സ്ഥിതി.
കടലെടുത്ത കടവ്: ബലിതർപ്പണത്തിന് നിയന്ത്രണം
ശക്തമായ കടലേറ്റത്തെത്തുടർന്ന് തീരം കടലെടുത്തതോടെ തലസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നായ ശംഖുംമുഖത്ത് ഇത്തവണ ബലിതർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്താനൊരുങ്ങുന്നവർ വർക്കല, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലോ ജില്ലയിലെ മറ്റു സ്നാനഘട്ടങ്ങളിലോ പോകണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചിരിക്കുകയാണ്.
പതിനായിരക്കണക്കിന് ഭക്തരാണ് പ്രതിവർഷം ഇവിടെ പിതൃതർപ്പണത്തിനെത്തുന്നത്. തീരത്തൊരുക്കുന്ന ബലിത്തറകളിൽ തർപ്പണം കഴിഞ്ഞാൽ സ്നാനം നടത്താൻ വിശാലമായ തീരത്ത് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കടലാക്രമണം ശക്തമായതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ്.
കഴിഞ്ഞവർഷം പ്രത്യേക ബാരിക്കേഡുകൾ സജ്ജീകരിച്ചായിരുന്നു ഭക്തരെ കടലിൽ സ്നാനത്തിനായി അനുവദിച്ചിരുന്നത്. ഇത്തവണ കൂടുതൽ തീരം കടലെടുത്തതോടെ തീരം ഇല്ലാത്ത അവസ്ഥയാണ്. തിരമാലകൾ പകുതിയോളം റോഡും കവർന്നിട്ടുണ്ട്. അതിനാൽ കർശനസുരക്ഷ ആവശ്യമായി വരും. റോഡ് തകർന്നത് കാരണം ഈ ഭാഗത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഹനഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിന്റെ ശക്തി തുടർന്നാൽ ബലിതർപ്പണത്തിനെത്തുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
മാത്രമല്ല കടലിൽ സ്നാനത്തിനും തിരക്കേറും. ഈ സാഹചര്യത്തിൽ ബദൽ നടപടികളെക്കുറിച്ച് ആലോചിക്കുകയാണ് അധികൃതർ. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ദേവസ്വം ബോർഡ് എന്നിവയാണ് പ്രധാനമായും ഇവിടെ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കുന്നത്. കൂടുതൽ പൊലീസിനെയും ലൈഫ്ഗാർഡുകളെയും സുരക്ഷയ്ക്കായി വിനിയോഗിക്കാനാണ് അധികൃതരുടെ നീക്കം. കടൽക്ഷോഭം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ ശംഖുംമുഖം ബീച്ചിലേക്കുള്ള പ്രവേശനം വരെ നിരോധിച്ചിരിക്കുകയാണ്. തീരം സുരക്ഷിതമാകുന്നതുവരെ ഇത് തുടരും.
മാലിന്യത്തിൽ മുങ്ങി തിരുവല്ലം
ബലി തർപ്പണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കടവുകൾക്ക് മാലിന്യത്തിൽ നിന്ന് മോചനമില്ല. ക്ഷേത്രത്തിന് സമീപത്തെ ബലിക്കടവുകളും നിമജ്ജന കടവും മാലിന്യത്തിൽ ആറാടുന്നു. ബലിതർപ്പണത്തിനുശേഷം ഒഴുക്കിക്കളയുന്ന ഇലകൾ, മാലകൾ, പട്ട്, തുണികൾ, അസ്ഥി നിമജ്ജനത്തിനുപയോഗിക്കുന്ന മൺകുടങ്ങൾ തുടങ്ങിയവ ചെളിയുമായി കൂടിക്കലർന്ന് കടവുകളിൽ തങ്ങിനിൽക്കുന്നതാണ് പ്രശ്നം. ബലി അർപ്പിക്കുന്നവർ ഗംഗാസ്മരണയിൽ മുങ്ങിനിവർന്ന് പിണ്ഡം കടലിൽ ചേർന്നാലേ ആത്മാവിന് മോക്ഷം ലഭിക്കൂവെന്നാണ് വിശ്വാസം.
കടവുകൾ വൃത്തിഹീനമായതോടെ ബലി തർപ്പണത്തിനെത്തുന്നവർ മനസില്ലാമനസോടെയാണ് നദിയിലേക്ക് ഇറങ്ങുന്നത്. മാലിന്യങ്ങൾ നിറഞ്ഞ ജലത്തിൽ കൊതുകും കൂത്താടിയും പെരുകാനിടയായിട്ടുണ്ട്. നാടെങ്ങും പകർച്ചപ്പനിയുൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമായിരിക്കെ പനിക്കും ജലജന്യരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഇടയാക്കുംവിധം ക്ഷേത്രക്കടവുകൾ അശുദ്ധമായിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും മാലിന്യം നീക്കം ചെയ്യാനോ കടവുകൾ ശുദ്ധീകരിക്കാനോ നടപടിയില്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മേയറുടെയും മന്ത്രിയുടെയും നേതൃത്വത്തിൽ കർക്കടകവാവ് ബലി അവലോകന യോഗങ്ങൾ ചേർന്നെങ്കിലും പാർവതി പുത്തനാറിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ വൈകിയാണ് ആരംഭിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ജോലികൾ മൂന്നുദിവസത്തിനകം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. മാലിന്യങ്ങൾ നീക്കം ചെയ്ത് കടവിന്റെ രണ്ട് വശവും ഷട്ടർ അടച്ച് നദിയിൽ നിന്നു ശുദ്ധജലം പമ്പ് ചെയ്ത് നിറച്ചശേഷം അതിലാണ് ബലിസമർപ്പിക്കേണ്ടത്.
ശക്തമായ കടലാക്രമണത്തിൽ തീരം കടലെടുത്ത ശംഖുംമുഖത്ത് കർക്കടക വാവ് ബലിതർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു.
കെ. ഗോപാലകൃഷ്ണൻ, (ജില്ലാ കളക്ടർ)
ഒരുസമയം 3000 പേർക്ക് ബലിതർപ്പണം
ഒരുസമയം 3000 പേർക്ക് ബലി തർപ്പണം നടത്താനുള്ള സൗകര്യങ്ങളാണ് ഇത്തവണ സജ്ജമാക്കുന്നത്. 9 ബലി മണ്ഡപങ്ങളുടെ നിർമ്മാണം തുടങ്ങി. ബലി തർപ്പണത്തിനായി 25 വീതം പുരോഹിതരെയും സഹപുരോഹിതരെയും നിയോഗിച്ചു. ബലി മണ്ഡപങ്ങളിൽ ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാനും ശുചീകരണത്തിനുമായി 300 ദിവസ വേതനക്കാരെയും നിയമിച്ചു. 31ന് പുലർച്ചെ 2.30 മുതലാണ് ബലി തർപ്പണം. 75 രൂപയാണ് ബലിതർപ്പണത്തിന് ഫീസ്. തിലഹോമത്തിന് 50ഉം.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നഗരസഭയുടെയും നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മന്ത്രിയുടെയും മേയറുടെയും നേതൃത്വത്തിൽ നടത്തിയ വിലയിരുത്തലുകളിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഒന്നൊന്നായി നടപ്പാക്കി വരികയാണ്. മൂന്ന് ദിവസത്തിനകം ഒരുക്കങ്ങൾ പൂർത്തീകരിക്കാനാകും.
- ടി.എസ്. അനിത. അഡ്മിനിസ്ട്രേറ്റീവ് (ഓഫീസർ, തിരുവല്ലം പരശുരാമ ക്ഷേത്രം)