തിരുവനന്തപുരം: അയൽപക്കത്തെ ആൺപട്ടിയോടുള്ള 'പ്രണയം' കാരണം യജമാനൻ വീടിന് പുറത്താക്കിയ പെൺനായയെ ദത്തെടുക്കാൻ നായ പ്രേമികളുടെ തിക്കും തിരക്കും. കഴിഞ്ഞ ദിവസമാണ് ആനയറ വേൾഡ് മാർക്കറ്റിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോമറേനിയൻ ഇനത്തിൽപ്പെട്ട പെൺനായയെ കണ്ടെത്തിയത്. 23-ാം തീയതിയിലെ സിറ്റി കൗമുദിയിൽ 'അടുത്തവീട്ടിലെ നായുമായി പ്രണയം. ഉടമ പോമറേനിയനെ ഉപേക്ഷിച്ചു" എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നായയെ ദത്തെടുക്കാൻ ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
''നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങളില്ല. അഞ്ചുദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ, മൂന്നു വർഷമായി ആരെയും കടിച്ചിട്ടില്ല. പാൽ, ബിസ്കറ്റ്, പച്ചമുട്ട ഇവയാണ് ആഹാരം. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിതബന്ധം കണ്ടതുകൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് "" എന്ന കുറിപ്പും നായയുടെ കഴുത്തിലെ ബെൽറ്റിൽ ഉടമയുടേതായി ഉണ്ടായിരുന്നു.
അവിഹിതബന്ധം എന്നെഴുതിയ കത്താണ് മൃഗസ്നേഹികളെ വിഷമിപ്പിക്കുന്നത്. മൃഗങ്ങളുടെ സ്നേഹബന്ധംപോലും അംഗീകരിക്കാൻ തയ്യാറാകാത്ത 'സദാചാരവാദികളായ' മനുഷ്യരുണ്ടെന്ന സൂചനയാണ് ഈ ഉപേക്ഷിക്കലിന് പിന്നിലെന്ന് അവർ പറയുന്നു. നായയുടെ സ്വാഭാവിക ലൈംഗികബന്ധത്തെ 'അവിഹിത'മായി കാണുന്ന മനുഷ്യൻ സദാചാര ഭ്രാന്തനായ മനോരോഗിയാണെന്നാണ് മൃഗസ്നേഹികളുടെ ആരോപണം.
ഉടമയെ കണ്ടെത്താനുള്ള മൃഗസ്നേഹികളുടെ പരിശ്രമം ഇനിയും വിജയിച്ചിട്ടില്ല. പീപ്പിൾസ് ഫോർ അനിമൽസിന്റെ പ്രവർത്തക ഷമീമിന്റെ സംരക്ഷണയിലാണ് നായ ഇപ്പോൾ. വീട്ടിനുള്ളിൽ വളർന്ന നായയ്ക്ക് അപ്രതീക്ഷിതമായി റോഡിലെത്തിയപ്പോൾ ഇത്തിരി പരിഭ്രമമുണ്ടായിരുന്നു. ഷമീം വീട്ടിലെത്തിച്ച് പരിചരിച്ചപ്പോൾ അതുമാറി. നന്നായി ഇണങ്ങി. സംഭവമറിഞ്ഞ് ഒട്ടേറെപ്പേർ നായയെ കാണാനെത്തുന്നുണ്ട്. ഉടമയെ കണ്ടെത്താനായില്ലെങ്കിൽ ആർക്കെങ്കിലും വളർത്താൻ നൽകും. സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ ദത്ത് നൽകൂ. ഇല്ലെങ്കിൽ സംഘടനയുടെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റും.