തിരുവനന്തപുരം: മഴ തുടങ്ങിയിട്ടേയുള്ളൂ... കുതിരവട്ടം പപ്പുവിന്റെ ശൈലിയിൽ പറഞ്ഞാൽ 'ഇതൊക്കെ ചെറ്യേ മഴ...". എന്നിട്ടുപോലും നഗരത്തിലെ റോഡുകളെല്ലാം തോടുകളായി.
ഇനിയിപ്പോ മഴ 'അറിഞ്ഞൊന്ന്" പെയ്താൽ റോഡിലിറങ്ങണമെങ്കിൽ ബോട്ട് വേണ്ടിവരുമോ എന്നാണ് നഗരവാസികളുടെ ചോദ്യം.
സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേ നട റോഡ് ആകെ ചെളിക്കുളമായി കിടക്കുകയാണ്. റോഡിൽ ടാർ ചെയ്തിരുന്നതൊക്കെ ഒലിച്ചുപോയി. ശ്രീവരാഹം റോഡ് തുടങ്ങുന്ന ഭാഗത്തെ അയ്യപ്പ
ക്ഷേത്രത്തിന്റെ മുൻവശം മുതൽ വെട്ടിമുറിച്ചകോട്ടയ്ക്ക് പിൻവശം വരെ റോഡ് വെട്ടിമുറിച്ചിട്ടിരിക്കുകയാണ്.
ഒരുവശത്ത് കോൺക്രീറ്റിനുള്ള കമ്പി കൂട്ടിയിട്ടിരിക്കുന്നു. കുറച്ചു മാറി കമ്പി മുറിച്ചു കെട്ടിയ നിലയിലും കിടപ്പുണ്ട്. ഒരു വശത്ത് വിവിധോദ്ദേശ്യ ചാൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. എല്ലായിടത്തും മൂടിയില്ല. നടന്നു പോകുന്നവർ സൂക്ഷിക്കുക. കാൽവഴുതി വീണു പോയാൽ സഹായിക്കാൻ പോലും ആരുമുണ്ടാകില്ല. കാരണം ചെളിയിൽ കാൽതെന്നി വീഴുമെന്ന് കരുതി ഇപ്പോൾ ഇതുവഴി കാൽനടയാത്രക്കാർ കുറവാണ്. മാത്രമല്ല റോഡ് വൺ വേ ആക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ നാലുനടകൾക്കും പുറത്ത് റോഡ്, ഓട നിർമ്മാണം, സൗന്ദര്യവത്കരണം എന്നിവയാണ് ചെയ്യുന്നത്. ഇതിനൊപ്പം വൈദ്യുതി, ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റുന്ന ജോലിയും നടത്തുന്നുണ്ട്. പ്രധാന സ്ഥലത്തെ നിർമ്മാണം പൂർത്തിയായിരുന്നു. അവസാനഘട്ടമായി പടിഞ്ഞാറെ നട മുതൽ വെട്ടിമുറിച്ച കോട്ടയ്ക്ക് സമീപം വരെയുള്ള റോഡിന്റെ നവീകരണമാണ് നടക്കുന്നത്. സ്വതവേ ഇടുങ്ങിയ റോഡിൽ ഇരുവശത്തും ഓട നിർമാണത്തിനായി കുഴികളെടുക്കുകയാണ്. വൈദ്യുതി, ടെലിഫോൺ കേബിളുകൾ ഉള്ളിലേക്ക് മാറ്റാനാണ് കുഴിയെടുക്കുന്നത്.
തെക്കേ നടയിൽ കുഴിച്ച മണ്ണ് മുഴുവൻ റോഡിലുണ്ട്. ഇവിടത്തെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടേ ഉള്ളൂ എന്ന് കിടപ്പ് കണ്ടാൽ അറിയാം. ഇനി വരുന്നത് മഴക്കാലമാണ്. മഴ തീരാതെ നിർമ്മാണ പ്രവർത്തനം നടത്താൻ കഴിയില്ലെന്ന് ഇന്നലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ അധികൃതർ പറഞ്ഞു. അപ്പോൾ ദുരിതം ഇങ്ങനെ തന്നെ തുടരുമെന്നർത്ഥം.
ബീമാപള്ളി, കല്ലുംമൂട്, ഈഞ്ചയ്ക്കൽ ഭാഗത്തു നിന്നു കിഴക്കേകോട്ട ഭാഗത്തേക്കും തിരിച്ചും പോകുന്നതും ഇതുവഴിയാണ്. ഇപ്പോൾ വഴിമാറിയാണ് ബസുകൾ പോകുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നതും ഇവിടെയാണ്. ഈ അവസ്ഥയിൽ ഇവിടേക്ക് പാർക്കു ചെയ്യാൻ വാഹനങ്ങൾക്കു കടന്നു വരാൻ തന്നെ ബുദ്ധിമുട്ടാണ്. എങ്ങാനും ചെളിയും വാഹനങ്ങളുടെ ടയർ പെട്ടുപോയാൽ പെടാപ്പാടുപെടും.
ആനയറയിൽ നിന്നു വെൺപാലവട്ടത്തേക്കാണോ? പെട്ടതു തന്നെ!
പേട്ട ജംഗ്ഷനിൽ നിന്നു പാലം കയറിയിറങ്ങി വെൺപാലവട്ടം വഴി പോകുന്നവർ ഇത്രയും കാലം കുണ്ടും കുഴിയും മാത്രം സഹിച്ചാൽ മതിയായിരുന്നു. ഇപ്പോൾ എല്ലാ കുഴിയിലും വെള്ളക്കെട്ടായി. പത്തു ചുവടുവയ്ക്കുന്നതിനിടയിൽ കടന്നു പോകുന്ന വണ്ടിയുടെ ചക്രം കുഴിയിൽ വീഴുകയും നടന്നു പോകുന്നവന്റെ വസ്ത്രവും ശരീരവും മലിനജലത്താൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്യും!
ആനയറ- വെൺപാലവട്ടം റോഡിലൂടെ കടന്നു പോകുന്നവരും പ്രദേശവാസികളും ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. റോഡ് നവീകരിക്കുമെന്ന് അധികൃതരുടെ വാക്ക് 'പഴയ ചാക്കിന് തുല്യമെന്ന്' നാട്ടുകാർ. കരിക്കകം ക്ഷേത്രം, മെഡിക്കൽ കോളേജ്, കിംസ്, വേളി ഭാഗത്തേക്കു പോകുന്ന ബസുകൾ ഉൾപ്പെടെ കടന്നു പോകുന്ന റോഡാണിത്. പേട്ട ഓവർബ്രിഡ്ജ് നിർമ്മാണം പൂർത്തിയായത് മുതൽ റോഡും നവീകരിക്കണമെന്ന ആവശ്യം ഉയർന്നതാണ്. വെൺപാലവട്ടം ഭാഗത്താണ് റോഡിലെ കുഴികൾക്ക് ആഴക്കൂടുതലുള്ളത്. മഴപെയ്ത് വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ ഇവിടെ വീണു മറിയുന്നത് പതിവായി.
ഇനിയും കുഴിക്കുമോ റോഡുകൾ
മുളവന നിന്നു ലാ കോളേജിലേക്കുള്ള റോഡ് പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച ശേഷം ഇതുവരെ പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. പൈപ്പിട്ടതിന് ശേഷം മണ്ണിട്ടു മൂടിയതല്ലാതെ ഒന്നും ചെയ്തില്ല. ഇതുവഴി കടന്നു പോകുന്നവർ തെന്നിയും തെറിച്ചുമൊക്കെയാണ് വണ്ടി ഓടിക്കുന്നത്. തമ്പാനൂരിലെ എസ്.എസ് കോവിൽ റോഡിന്റെ അവസ്ഥയും പരിതാപകരം. മഴ പെയ്താൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇവിടെ ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല.