രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവൻ ഇരുപത്തിയേഴാം തീയതി പൊള്ളാച്ചിയിൽ പൂർത്തിയാകും. ഇപ്പോൾ തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ഗാനഗന്ധർവൻ നാളെ വരെ തൃശൂരിൽ തുടരും. പൊള്ളാച്ചിയിൽ ഒറ്റ ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത്.
ഗാനമേളകളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടിയോടൊപ്പം മുകേഷ്, സിദ്ദിഖ്, മനോജ്. കെ. ജയൻ, സുരേഷ് കൃഷ്ണ, സലിംകുമാർ, മണിയൻപിള്ള രാജു, സുധീർ കരമന, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി , റാഫി, ജോണി ആന്റണി തുടങ്ങിയ ഒരു വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. പുതുമുഖങ്ങളായ വന്ദിതാ മനോഹരനും അതുല്യയുമാണ് നായികമാർ.
മമ്മൂട്ടിച്ചിത്രമായ ജോണിവാക്കറിലെ ശാന്തമീ രാത്രിയിൽ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ റീമിക്സ് ചിത്രത്തിലുൾപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നു.എന്നാൽ അതിന്റെ പകർപ്പകവകാശം ലഭിക്കാത്തതിനാൽ പ്രസ്തുത ഗാനത്തിന് പകരം മറ്റ് ചില ഗാനങ്ങളുടെ റീമിക്സുകൾ ചിത്രത്തിലുൾപ്പെടുത്തിയുട്ടുണ്ടെന്നാണ് അറിവ്.
ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടെയ്ൻമെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ഗാനഗന്ധർവന്റെ രചന നിർവഹിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ്. കാമറ : അഴകപ്പൻ. ദീപക്ക് ദേവ് സംഗീത സംവിധാനം നിർവഹിച്ച മൂന്ന് ഗാനങ്ങൾ ചിത്രത്തിലുണ്ട്.