ജോജു ജോർജ്, നദിയ മൊയ്തു,ലെന, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് ബെഞ്ചമിൻ രചനയും സംവിധാനവും നിർവഹിക്കുന്ന അമ്മ എന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് 3ന് തിരുവനന്തപുരത്ത് ആരംഭിക്കും. നെടുമുടി വേണു, വിജയ് ബാബു, രൺജി പണിക്കർ, പാഷാണം ഷാജി ,അനാർക്കലി മരക്കാർ,സേതു ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.
നാലു ഷെഡ്യൂളുകളിലാണ് അമ്മ ഒരുങ്ങുന്നത്.ദുബായിൽ നടന്ന ആദ്യ ഷെഡ്യൂളിൽ മൂന്നു ദിവസത്തെ ചിത്രീകരണമാണ് ഉണ്ടായിരുന്നത്.തിരുവനന്തുപുരത്ത് ആറു ദിവസത്തെ ചിത്രീകരണവും . ഈ ഷെഡ്യൂളിൽ ജോജുവും ലെനയും മാത്രമാണ് പങ്കെടുക്കുക.ആഗസ്റ്റ് 15ന് കാനഡയിൽ മൂന്നാമത്തെ ഷെഡ്യൂൾ ആരംഭിക്കും.ഹോളിവുഡ് താരം ജോയലും ഏതാനും കനേഡിയൻ താരങ്ങളും അനാർക്കലി മരക്കാറും ഈ ഷെഡ്യൂളിൽ ഉണ്ടാകും.അവിടെ ഏഴു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത്.സെപ്തംബർ ആദ്യം തൊടുപുഴയിൽ നാലാമത്തെ ഷെഡ്യൂൾ ആരംഭിക്കും. അവിടെ 25 ദിവസത്തെ ചിത്രീകരണം ഉണ്ടാകും.ഇതോടെ അമ്മ പൂർത്തിയാകും.
വൃദ്ധ സദനങ്ങളിലെ അമ്മമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്നും നാലു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നതെന്നും സംവിധായകൻ തോമസ് ബെഞ്ചമിൻ സിറ്റി കൗമുദിയോട് പറഞ്ഞു. അകാലത്തിൽ വേർപിരിഞ്ഞ ഛായാഗ്രാഹകൻ എം. ജെ.രാധാകൃഷ്ണനാണ് ദുബായ് ഷെഡ്യൂളിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചത്.എം.ജെ.രാധാകൃഷ്ണൻ അവസാനമായി ദൃശ്യാവിഷ്കാരം നിർവഹിച്ച സിനിമയാണിത്. കെ.പി.നമ്പ്യാതിരിയാണ് തുടർ ദൃശ്യങ്ങൾ പകർത്തുക. സാംസൺ ക്രിയേഷൻസിന്റെ ബാനറിൽ സാംസൺ വിശ്വനാഥൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഗാനരചന കെ. ജയകുമാറും സംഗീതം ഒൗസേപ്പച്ചനും നിർവഹിക്കുന്നു. സ്റ്റഡി ടൂർ എന്ന സിനിമയുടെ സംവിധായകനാണ് തോമസ് ബെഞ്ചമിൻ.