തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് അവസാനിക്കും. സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത കൂട്ടുക, യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഉത്തരക്കടലാസ് ചോർച്ചയുൾപ്പെടെയുള്ള സംഭവങ്ങളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ കന്റോൺമെന്റ് ഗേറ്റിന്റെ മുൻവശമൊഴികെയുള്ള മൂന്ന് ഗേറ്റുകളും യു.ഡി.എഫ് പ്രവർത്തകർ ഉപരോധിക്കും. സെക്രട്ടറിയേറ്റിന്റെ മുൻവശത്തുകൂടിയുള്ള ഗതാഗതം നിരോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നഗരത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരിക്കിയിരിക്കുന്നത്.