jose-k-mani

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസ് എമ്മിലെ ജോസഫ്–ജോസ് കെ.മാണി വിഭാഗങ്ങൾ ധാരണയായി. ആദ്യ ടേം ജോസ്.കെ.മാണി വിഭാഗത്തിനാണ് ലഭിക്കുക. കഴിഞ്ഞ ദിവസം കോൺ​ഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇരുവിഭാ​ഗങ്ങളും പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന ധാരണയിലെത്തിയത്.

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന മാരത്തൺ ചർച്ചയിൽ ധാരണയായില്ലെങ്കിലും പുലർച്ചയോടുകൂടി കോൺഗ്രസിന്റെ തീരുമാനം ഇരുവിഭാഗത്തെയും അറിയിക്കുകയായിരുന്നു. ഇരുവിഭാ​ഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഉമ്മൻ ചാണ്ടി പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വെവ്വേറെ സ്ഥാനാർഥികളുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചയ്‌ക്കെടുത്തപ്പോൾ ഇരു വിഭാഗവും എത്താത്തതിനെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിവച്ചത്. ജോസ് കെ.മാണി വിഭാഗം സ്ഥാനാർത്ഥി സെബാസ്റ്റാൻ കളത്തുങ്കൽ സ്ഥാനാർഥിയായും അജിത് മുതിരമലയെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായും പ്രഖ്യാപിക്കുകയായിരുന്നു. ധാരണ പ്രകാരം കോൺഗ്രസ് അംഗമായിരുന്ന സണ്ണി പാമ്പാടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 22 അംഗ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും കേരള കോൺഗ്രസിന് ആറും അംഗങ്ങളാണ് ഉള്ളത്.