binoy-kodiyeri

മുംബയ്: ബിഹാർ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന ബിനോയ് കോടിയേരിയുടെ ശബ്ദരേഖ പുറത്ത്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീൽ മുഖേന നോട്ടീസയച്ചതിനെത്തുടർന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രമുഖ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ശബ്ദരേഖയിൽ അഞ്ച് കോടി നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി പറയുന്നുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് ആവശ്യപ്പെടുന്നു. എന്നാൽ, അത്രയും പറ്റില്ലെങ്കിൽ കഴിയുന്നത് നൽകാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങൾക്ക് എത്ര നൽകാൻ കഴിയും അത്ര നൽകൂവെന്നും യുവതി അഭ്യർത്ഥിക്കുന്നു.

"പൈസ നൽകാം, എന്നാൽ രണ്ടു കാര്യങ്ങൾ നീ ചെയ്യണം പേരിനൊപ്പം എന്റെ പേരു ചേർക്കുന്നത് നിറുത്തണമെന്നും താനുമായുള്ള ബന്ധം അവസാനിപ്പിക്കണ"മെന്നും ചോദ്യത്തിന് മറുപടിയായി ബിനോയ് പറയുന്നു. യുവതിക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂർണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണമെന്നും നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.

തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണ് യുവതി എന്നാണ് ബിനോയ് നേരത്തെ പറഞ്ഞിരുന്നത്. ഈ വാദം ഉന്നയിച്ചാണ് ബോംബെ ഹെെക്കോടതിയെ ബിനോയ് സമീപിച്ചതും. യുവതി നൽകിയ ലൈംഗിക ചൂഷണക്കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നായിരുന്നു ഹർജി. ഹർജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ബിനോയിയുടെ അഭിഭാഷകൻ ഉന്നയിച്ച പ്രകാരമാണിത്.