കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ദിവസവും ഉദയാസ്തമനപൂജ നടത്താനാവില്ലെന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് വ്യതിചലിക്കുന്നത് പ്രതിഷ്ഠയുടെ ദേവചൈതന്യത്തെ ബാധിക്കുമെന്നും ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സദാശിവ സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നിലേറെ ഭക്തർക്കുവേണ്ടി ഒരുമിച്ച് ഉദയാസ്തമന പൂജ നടത്താനാവുമെങ്കിലും തന്ത്രിയുടെയും തന്ത്രി കുടുംബത്തിന്റെയും ക്ഷേത്ര പാരമ്പര്യക്കാരുടെയും അനുമതിയോടെ വേണമെന്ന് ദേവപ്രശ്നത്തിൽ വ്യക്തമാക്കിയിരുന്നു.
ഒരു ദിവസം ഒന്നിലേറെ ഭക്തർക്കു വേണ്ടി ഉദയാസ്തമന പൂജ നടത്താൻ ദേവസ്വം കമ്മിറ്റി അനുവദിച്ചപ്പോൾ ദേവസ്വം കമ്മിഷണർ ഇടപെട്ട് തന്ത്രിയുടെ ഉപദേശ പ്രകാരംമാത്രമേ ഇതു പാടുള്ളൂവെന്നു പറഞ്ഞിരുന്നു. ഒരു ഉദയാസ്തമന പൂജ പൂർത്തിയാക്കാൻ തുടർച്ചയായ മൂന്നു ദിവസങ്ങൾ വേണം. അതിനാൽ എല്ലാ ദിവസവും ഈ പൂജ നടത്താൻ കഴിയില്ല. ഭക്തർക്ക് ജീവിതകാലത്ത് ഒരിക്കൽപോലും ഈ പൂജ നടത്താൻ അവസരം ലഭിച്ചില്ലെന്ന് വരാം. ഇതിന്റെ പേരിൽ ആചാരങ്ങളിൽ വെള്ളം ചേർക്കാനാവില്ല. പൂജയുടെ തുക കൂട്ടി ഒന്നിലേറെ ഭക്തരെ പങ്കാളികളാക്കി പൂജ നടത്തുന്നതിനോട് യഥാർത്ഥ ഭക്തർക്ക് എതിർപ്പുണ്ടെന്നും തന്ത്രിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.