ബംഗളൂരു: കർണാടകത്തിൽ വിശ്വാസവോട്ടിൽ പരാജയപ്പെട്ട ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി ഇപ്പോഴും പറയുന്നത് താനാണ് ഏറ്റവും സന്തോഷവാനായ മനുഷ്യൻ എന്നാണ്. 16 എം.എൽ.എമാർ കൂറുമാറിയത് കൊണ്ടാണ് കർണാടക വിധാൻ സഭയിൽ വിശ്വാസം നേടാനാകാതെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ വീണത്. മുഖ്യമന്ത്രി കസേരയിൽ കടിച്ചുതൂങ്ങാൻ തനിക്ക് ഒട്ടും താൽപ്പര്യമില്ലെന്നും, സഖ്യത്തിന് നിയമസഭയിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും നേരത്തെ തന്നെ കുമാരസ്വാമി പറഞ്ഞിരുന്നു. അതുകൊണ്ട്, അദ്ദേഹത്തിന്റെ ഈ പുതിയ പ്രസ്താവന വലിയ അത്ഭുതമൊന്നും ഉണ്ടാക്കേണ്ടതില്ല.
ഒരു വർഷത്തിൽ കൂടുതൽ, കൃത്യമായി പറഞ്ഞാൽ. 14 മാസം സംസ്ഥാനം ഭരിക്കാനും, അതുവഴി വേണ്ടവിധം ജനങ്ങളെ സേവിക്കാൻ സാധിച്ചത് കൊണ്ടുമാണ് കുമാരസ്വാമി സ്വയം ഏറ്റവും സന്തോഷവാനായ മനുഷ്യനായി വിശേഷിപ്പിക്കുന്നത്. അനവധി കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നുവെങ്കിലും തനിക്ക് തന്റെ കർത്തവ്യം പൂർണമായും ചെയ്ത് തീർക്കാൻ സാധിച്ചുവെന്നും കുമാരസ്വാമി വിശ്വസിക്കുന്നു. ഈ കാരണം കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിട്ടിറങ്ങുന്ന കുമാരസ്വാമി ഏറ്റവും സന്തോഷവാനായ മനുഷ്യനാകുന്നത്.
താനിപ്പോൾ സ്വതന്ത്രനായ ഒരു മനുഷ്യനാണെന്നും, തനിക്ക് ഇനി പാർട്ടിയോട് മാത്രമാണ് ഉത്തരവാദിത്തം ഉള്ളതെന്നും പാർട്ടി വളർത്തുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്നും കുമാരസ്വാമി വ്യക്തമാക്കി. സഖ്യം വിട്ട് ബി.ജെ.പിയോടൊപ്പം ചേർന്ന എം.എൽ.എമാരെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം 105 വോട്ടുകൾ നേടിയ ബി.ജെ.പിയോട് പരാജയപെടുകയായിരുന്നു. വോട്ടെടുപ്പിൽ ജയിച്ച കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ യെദ്യൂരപ്പ, തനിക്ക് ആർ.എസ്.എസിൽ നിന്നും അനുഗ്രഹം ലഭിച്ച ശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കൂ എന്ന നിലപാടിലാണ്.