തായ് ക്വാൻ പാർക്ക് എന്ന ദക്ഷിണ കൊറിയൻ ക്രിക്കറ്റ് താരം ഇപ്പോൾ ഇന്ത്യയിലാണ്. ഇന്ത്യയിലെത്തിയ കാരണമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ക്രിക്കറ്റ് പരിശീലനത്തിനാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്. ഇതുകേൾക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളിൽ ഉടലെടുക്കുന്ന ചോദ്യം എന്തേ കൊറിയയിൽ ക്രിക്കറ്റ് പരിശീലനം ലഭിക്കില്ലേ എന്നായിരിക്കും.
അതിന് താരം പറയുന്ന മറുപടി ഇങ്ങനെയാണ്...'ക്രിക്കറ്റ് എന്നെ സംബന്ധിച്ച് വളരെ മൂല്യമേറിയ കായികയിനമാണ്. രാജ്യത്ത് ശരിയായ പരിശീലനം ലഭിക്കുന്നുണ്ടെന്ന് തോന്നിയില്ല. ലോകത്ത് തന്നെ ഏറ്റവും നല്ല ക്രിക്കറ്റ് പരിശീലനം ഇന്ത്യയിലാണ്. അതിനാൽ പരിശീലനത്തിനായി ഇന്ത്യയിലേക്ക് പോന്നു.'
2013 ൽ ഈ യുവാവ് ദക്ഷിണ കൊറിയയിലെ ദേശീയ ടീമിൽ അംഗമായിരുന്നു. പരിശീലനത്തിനായി ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ ആദ്യം വീട്ടുകാർ എതിർത്തു. അവരെ സമ്മതിപ്പിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നെന്ന് തായ് പറയുന്നു. ഒടുവിൽ ആഗ്രഹം പോലെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് പറന്നു.
യുവാവിനെ സംബന്ധിച്ച് ഇന്ത്യയിലെ പരിശീലനം അത്ര എളുപ്പമായിരുന്നില്ല. ക്രിക്കറ്റിന്റെ ഭാഷ നന്നായി അറിയാമായിരുന്നെങ്കിലും ഇംഗ്ലീഷ് അറിയില്ലായിരുന്നു. അതിനാൽ കുറച്ച് ബുദ്ധിമുട്ടി. മുംബയിലെ പ്രാദേശിക ക്രിക്കറ്റ് ക്ലബുകളിൽ പരിശീലനം ലഭിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവസാനം ശ്രമം ഫലം കണ്ടു. യുവാവിന്റെ പരിശീലനം കോച്ചിൽ വരെ മതിപ്പുണ്ടാക്കി. നാട്ടിലേക്ക് തിരിച്ച് പോയതിന് ശേഷം ദക്ഷിണ കൊറിയൻ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുമെന്നും യുവാവ് പറയുന്നു. 'സൗത്ത് കൊറിയയുടെ സച്ചിൻ തെൻഡുൽക്കർ' എന്നാണ് യുവാവിനെ ഇപ്പോൾ സുഹൃത്തുക്കൾ വിളിക്കുന്നത്.