imran-khan

വാഷിംഗ്ടൺ: ഏതെങ്കിലും ഒരു കാലത്ത് ഇന്ത്യ-അഫ്ഗാനിസ്ഥാൻ സഖ്യത്തെ നേരിടേണ്ടി വരുമോ എന്ന ഭയം ഞങ്ങളുടെ സൈന്യത്തിന് ഉണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിൽ 'സാന്റ്‌വിച്ച്' പോലെ ഞെരുകുന്ന സാഹചര്യം ഒഴിവാക്കാൻ ഞങ്ങളുടെ സൈന്യത്തിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാൻ രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ട് ഇന്ത്യയുമായുള്ള അവരുടെ സഖ്യസാദ്ധ്യത ഇല്ലാതാക്കാനാണ് മുൻപ് പാകിസ്ഥാൻ ശ്രമിച്ചിരുന്നത്. എന്നാൽ, അത് രാജ്യത്തിന് ഒരുപാട് ദോഷം ചെയ്തു. അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതാണ് പാകിസ്ഥാന് നല്ലത് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു-ഇമ്രാൻ പറഞ്ഞു.

അതേസമയം, പാകിസ്ഥാനിലെ ഭീകരരുടെ എണ്ണത്തിൽ കുറ്റസമ്മതം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്ത് 30000 മുതൽ 40000 വരെ ഭീകരർ പരിശീലനം നേടിയിട്ടുണ്ടെന്നും അവർ, അഫ്ഗാനിസ്ഥാനിലും കാശ്മീരിലുമായി പ്രവർത്തിക്കുകയാണെന്നും അമേരിക്ക സന്ദർശനത്തിനിടെ ഇമ്രാൻ ഖാൻ തുറന്നുസമ്മതിച്ചതായി ദേശീയ മാദ്ധ്യമമായ എൻ.ഡി.ടി.വിയാണ് റിപ്പോർട്ട് ചെയ്തത്. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിലെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് ഇമ്രാന്റെ പുതിയ വെളിപ്പെടുത്തൽ.

ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്‌രികെ ഇൻസാഫ് പാർട്ടി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്തെ ഭീകരസംഘടനകൾക്കെതിരായി സർക്കാർ ഒന്നും ചെയ്തിരുന്നില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. അതേസമയം, പാകിസ്ഥാനിൽ 40ഓളം ഭീകര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും 15 വർഷമായി രാജ്യത്തെ ഭീകരരെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ലെന്നും അമേരിക്കയിലെ തന്നെ മറ്റൊരു പരിപാടിക്കിടെ ഇമ്രാൻ വെളിപ്പെടുത്തിയതായാണ് എൻ.ഡി.ടി.വി റിപ്പോർട്ട്.