nalini-parole

ചെന്നെെ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ പരോളിൽ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് അനുവദിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിക്കാനും പങ്കെടുക്കാനുമായാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചത്.

പരോൾ കാലാവധിയിൽ വെല്ലൂർ വിട്ട് പുറത്തേക്ക് പോകാനോ മാദ്ധ്യമപ്രവർത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കർശന നിബന്ധനയുമുണ്ട്. നളിനിയുടെ സുരക്ഷക്കുള്ള ചിലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 28 വർഷത്തെ ജയിൽ വാസത്തിനിടെ നളിനിക്ക് പരോൾ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016–ൽ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 24 മണിക്കൂർ പരോൾ ലഭിച്ചിരുന്നു.

നളിനിക്കു പുറമെ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, എ.ജി പേരറിവാളൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് രാജീവ് വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്നത്. 1991 മേയ് 21ന് ചെന്നൈക്ക് സമീപത്തെ ശ്രീപെരുംപുതൂരിൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.