ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായിട്ടും മൂവാറ്റുപുഴ എം. എൽ. എ അടക്കമുള്ള എറണാകുളത്തെ സി.പി.ഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതിൽ സി.പി.ഐ അണികളിൽ അമർഷം പുകയുകയാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും ഇരുപാർട്ടിയിലെയും മന്ത്രിമാർ കൊമ്പ്‌കോർത്തിരുന്നു. പൊലീസ് മർദനത്തിൽ പരസ്യമായി പ്രതിഷേധിക്കുക പോലും ചെയ്യാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കേരളം ഇപ്പോൾ ഭരിക്കുന്നത് 'കൂട്ടുകക്ഷി ' മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണെന്ന് പരിഹസിച്ചു തുടങ്ങുന്ന കുറിപ്പിൽ നാല് മന്ത്രിസ്ഥാനത്തിനു വേണ്ടി ഇങ്ങനെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലാണ് സി.പി.ഐ എന്നും പരിഹസിക്കുന്നു. സ്വന്തം മകന്റെ സുരക്ഷയോർത്താണ് കാനം പിണറായിക്ക് സ്വയം അടിമവച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരമുണ്ടെന്ന ആരോപണവും കോൺഗ്രസ് നേതാവ് ഉയർത്തുന്നുണ്ട്. ലേശം ഉളുപ്പ് .......സഖാവ് കാനം ? എന്ന തലക്കെട്ടിലാണ് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലേശം ഉളുപ്പ് .......സഖാവ് കാനം ?
................................
കേരളം ഇപ്പോൾ ഭരിക്കുന്നത് 'കൂട്ടുകക്ഷി ' മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണ്.
മുമ്പ് കായൽ ചാണ്ടിയെ പിണറായി സംരക്ഷിക്കാൻ നോക്കിയപ്പോൾ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചു.
ഇന്നിപ്പോൾ സിപിഐ നേതാക്കളെ പൊലീസ് തല്ലിയതിനെ ചൊല്ലി മന്ത്രിസഭ യോഗത്തിൽ കൂട്ടത്തല്ല് നടന്നിരിക്കുന്നു.
ഭരിക്കുമ്പോൾ സമരത്തിനിറങ്ങിയാൽ തല്ലുകൊള്ളുമെന്ന് സിപിഐ ക്കാരെ നോക്കി ബാലൻ മന്ത്രി കണ്ണുരുട്ടി അത്രെ.
പിണറായിയുടെ പൊലീസ്, എൽദോയുടെ കൈ. ബാലന് എന്തും പറയാം.
പക്ഷേ സിപിഐ ഈ അപമാനം എത്രകാലം സഹിക്കുമെന്നാണ് അറിയാത്തത്.
നാല് മന്ത്രിസ്ഥാനത്തിനു വേണ്ടി ഇങ്ങനെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ പി.കെ.വിയും വെളിയം ഭാർഗവനുമെല്ലാം നയിച്ച കമ്യൂണിസ്റ്റ് പാർട്ടി ?
ഒരു കാര്യത്തിലും അഭിപ്രായ ഐക്യമില്ലാത്ത മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്നേ കൈമോശം വന്നിരിക്കുന്നു.
ശബരിമലയിൽ സർക്കാരിന്റെ നിലപാടുകളെ സിപിഐ തള്ളിപ്പറഞ്ഞു.
ഇടുക്കിയിൽ എം.എം മണി സിപിഐക്കാരുടെ പിന്നാലെ നടന്ന് പുലഭ്യം പറയുകയാണെന്ന് ശിവരാമൻ പരിഭവം പറയുന്നു.
മൂന്നാറിൽ, നെടുങ്കണ്ടത്ത് എല്ലാം പോര് പരസ്യമായി. മാവോയിസ്റ്റുകളെ വെടിവച്ചിടുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് ബിനോയ് വിശ്വം മുറുമുറുത്തു.
ഐഐഎസ്എഫിനെ എങ്ങനെയും ക്യാംപസുകളിൽ നിന്ന് പുറത്താക്കുകയാണ് എസ്എഫ്‌ഐയുടെ പ്രഖ്യാപിത ലക്ഷ്യം.
ഇതെല്ലാം സഹിച്ച് മുന്നണിയിൽ തുടരാനാണ് സഖാവ് കാനത്തിന്റെ തീരുമാനം.
ഇടയ്ക്കിടെ വെളിപാടു കിട്ടിയ പോലെ ചില വിമർശനങ്ങൾ നടത്തും.
സ്വന്തം മകന്റെ സുരക്ഷയോർത്താണ് കാനം പിണറായിക്ക് സ്വയം അടിമവച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം.
കാനത്തോട് ഒന്നേ ചോദിക്കാനുള്ളൂ.... ലേശം ഉളുപ്പ്...... ?