വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തന്നെ ഉപദേശിച്ച അദ്ധ്യാപികയ്ക്ക് അമേരിക്കയിലെ ന്യൂയോർക്കിലുള്ള ഈ കോളേജ് വിദ്യാർത്ഥിനി മറുപടി കൊടുത്തത് ഇങ്ങനെയാണ്. താൻ ധരിച്ച വസ്ത്രം തീരെ ചെറുതായി പോയെന്ന് പരാതി പറഞ്ഞ തന്റെ പ്രൊഫസറുടെയും മറ്റ് വിദ്യാർത്ഥികളുടെയും മുൻപിൽ വച്ചാണ് കോർണൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ഇത്താക്കയിലെ വിദ്യാർത്ഥിനി ലെറ്റീറ്റിയ ചായി തുണിയുരിഞ്ഞത്.
ഭാഗ്യത്തിന് അടിവസ്ത്രം മാത്രം ലെറ്റീറ്റിയ ദേഹത്ത് അവശേഷിപ്പിച്ചിട്ടുണ്ട്. തന്റെ തിസീസ് അവതരിപ്പിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി ഈ 'കടുംകൈ' ചെയ്തത്. തീസീസിന്റെ ട്രയൽ നോക്കുന്ന സമയത്താണ് അദ്ധ്യാപിക ലെറ്റീറ്റിയുടെ വസ്ത്രധാരണത്തെ കുറിച്ച് ക്ലാസ്സിൽ വച്ച് സംസാരിക്കുന്നത്.
ലെറ്റീറ്റിയ പുരുഷ നോട്ടങ്ങൾ തന്റെ ശരീരത്തിലേക്ക് ക്ഷണിച്ച് വരുത്തും എന്നായിരുന്നു അദ്ധ്യാപിക ലെറ്റീറ്റിയയോട് പറഞ്ഞത്. തീസീസിലേക്കായിരിക്കില്ല വിദ്യാർത്ഥികൾ ശ്രദ്ധിക്കുക എന്നും പ്രൊഫസർ പറഞ്ഞു. അദ്ധ്യാപികയുടെ ഈ പ്രസ്താവന ലെറ്റീറ്റിയും ഒപ്പമുള്ള കൂട്ടുകാരായ വിദ്യാർത്ഥികളും എതിർക്കുകയാണ് ഉണ്ടായത്. എന്നാൽ ഒരു വിദ്യാർത്ഥി മാത്രം അദ്ധ്യാപികയോട് യോജിച്ചു. തീസിസ് അവതരിപ്പിക്കുമ്പോൾ മറ്റുള്ളവർക്കും ബഹുമാനം നൽകുന്ന രീതിയിൽ വേണം വസ്ത്രം ധരിക്കാൻ എന്നായിരുന്നു വിദ്യാർത്ഥിയുടെ അഭിപ്രായം.
ലെറ്റീറ്റിയുടെ അമ്മയ്ക്ക് അവളുടെ വസ്‌ത്രധാരണത്തെ കുറിച്ച് എന്താവും തോന്നുക എന്നും അധ്യാപികയിൽ നിന്നും ചോദ്യമുയർന്നു. എന്നാൽ പണ്ടുമുതലേ ഒരു ഫെമിസ്റ്റായിരുന്ന, ലിംഗനീതിക്ക് വേണ്ടി പ്രവർത്തിച്ച തന്റെ അമ്മയ്ക്ക് ഇത് കണ്ടാൽ യാതൊന്നും തോന്നില്ലെന്നും, അവരും ഒരു പ്രൊഫസർ തന്നെയാണെന്നുമാണ് ലെറ്റീറ്റിയ മറുപടി നൽകിയത്. ഈ സംഭാഷണത്തിന് ശേഷമാണ് ലെറ്റീറ്റിയ തന്റെ തിസീസ് അവതരണം നടത്തിയത്.