തിരുവനന്തപുരം: എൽദോ എബ്രഹാം എം.എൽ.എക്ക് പൊലീസ് ലാത്തിച്ചാർജിൽ മർദ്ദനമേറ്റ സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംഭവം നടന്നപ്പോൾ തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചെന്നും പൊലീസിനെതിരെ എടുത്ത നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സാധാരണയായി ലാത്തിച്ചാർജിലും മറ്റുമുള്ള പ്രശ്‌നങ്ങളും ആർ.ഡി.ഒമാരാണ് അന്വേഷിക്കാറുള്ളത്. എന്നാൽ, ഒരു എം.എൽ.എ ഉൾപ്പടെ മർദ്ദനമേറ്റ സാഹചര്യത്തിൽ ജില്ലാകളക്ടറോട് തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിൽ പിന്നെ എന്താണ് വേണ്ടതെന്നും കാനം രാജേന്ദ്രൻ ചോദിച്ചു.
അതേസമയം, സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം രംഗത്തെത്തിയിരുന്നു. ഇത്രയും മോശമായ പൊലീസിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് മോശമായാൽ എല്ലാം മോശമാകുമെന്നും എൽദോ എബ്രഹാം കൂട്ടിച്ചേർത്തു.