swara-bhaskar

മുംബയ്: ആൾക്കൂട്ടക്കൊലപാതകങ്ങൾ രാജ്യത്ത് പകർച്ചവ്യാധി പോലെ പടർന്നുപിടിക്കുകയാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്കർ. ഇത്തരം ആക്രമണങ്ങളിൽ നിന്നും ഇനിയും മുഖം തിരിച്ച് ഇരിക്കാനാവില്ലെന്നും സ്വര ഭാസ്കർ പറഞ്ഞു. രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് 49 പ്രമുഖ ചലച്ചിത്ര പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സ്വരയുടെ പരാമർശം. ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്ത് നടക്കുന്നില്ല എന്ന് വരുത്തിതീർക്കുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും സ്വര ഭാസ്കർ പ്രതികരിച്ചു.

'നമ്മുടെ രാജ്യത്തെ കലാകാരന്മാരും, സിനിമാപ്രവർത്തകരും, എഴുത്തുകാരും ഇത്തരമൊരു കാര്യത്തിന് വേണ്ടി മുൻപോട്ട് വരുന്നത് പ്രശംസനീയമായ കാര്യമാണ്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ അവർ തയാറാണ്. ഈ പ്രശ്നനങ്ങൾ അവരെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ആൾക്കൂട്ട അതിക്രമങ്ങളെ നേരിടാൻ ശക്തമായ നിയമങ്ങൾ വരേണ്ടത് ഈ സമയത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷമായി ഞാൻ ഇതിനുവേണ്ടി സംസാരിക്കുകയാണ്. കാര്യങ്ങൾ നന്നാകുന്നതിന് പകരം പിന്നെയും വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ജില്ലാ ഭരണകൂടങ്ങളും മറ്റും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതിനെതിരെ പ്രധാനമന്ത്രി നടപടിയെടുക്കുമെന്ന് ഞാൻ കരുതുന്നു.' സ്വര പറഞ്ഞു.

ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുൾപ്പെടെ 49 സിനിമാ പ്രവർത്തകർ കത്തെഴുതിയിരുന്നു. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

'നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതർക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?' സിനിമാപ്രവർത്തകർ തങ്ങളുടെ കത്തിലൂടെ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു.