1. കാലവര്‍ഷം എത്തിയിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നില്ല. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരാത്ത് ആണ് പ്രതിസന്ധിയ്ക്ക് കാരണം. ഇടുക്കി ഡാമില്‍ നിലവിലുള്ളത് 19 ശതമാനം വെള്ളം മാത്രം. 2314 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് . വെള്ളം കഴിഞ്ഞ വര്‍ഷത്തേതിലും 72 അടി കുറവാണ്. കെ.എസ്.ഇ.ബി വൈദ്യുതോല്‍പാദനം ഗണ്യമായി കുറച്ചാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയാതെ കാക്കുന്നത്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കാലവര്‍ഷം ദുര്‍ബലമായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
2. കഴിഞ്ഞ രണ്ട് മാസത്തിന് ഇടയില്‍ 800 മില്ലി മീറ്റര്‍ മഴ മാത്രമാണ് ഇടുക്കിയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,000 മില്ലിമീറ്റര്‍ മഴ കിട്ടിയിരുന്നു. മഴ നിമിത്തം വൈദ്യുത ഉപഭോഗം കുറഞ്ഞതും ഗ്രിഡില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടുന്നതുമാണ് കെ.എസ്.ഇ.ബിക്ക് താല്‍ക്കാലിക ആശ്വാസം. എന്നാല്‍ മഴ ഒഴിയുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന വൈദ്യുതിയില്‍ ഇടിവ് നേരിടുകയും ചെയ്താല്‍ സംസ്ഥാനം വീണ്ടും വൈദ്യുത പ്രതിസന്ധിയിലേക്ക് വീഴും.
3. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍ പങ്കിടും. ആദ്യം ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റാവും. ജോസ്.കെ.മാണി വിഭാഗത്തിന് ആദ്യത്തെ എട്ടു മാസവും പി.ജെ ജോസഫിന് തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്റ് സ്ഥാനം നല്‍കാം എന്ന് യു.ഡി.എഫ് ധാരണ. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ആകില്ല എന്നായിരുന്നു പി.ജെ.ജോസഫ് ആദ്യം പ്രതികരിച്ചത്. മുന്നണി വിടുമെന്ന മുന്നറിയിപ്പും ജോസഫ് നല്‍കി. എന്നാല്‍ സമവായം സാധ്യം അല്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കും എന്ന് അറിയിച്ചതോടെ ആണ് ജോസഫ് വഴങ്ങിയത്.
4. ധാരണ അനുസരിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റാവും. നിലവിലെ പ്രസിഡന്റ് സണ്ണി പാമ്പാടി രാജിവച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജൂലായ് ഒന്നു മുതല്‍ കേരള കോണ്‍ഗ്രസിന് നല്‍കാം എന്നായിരുന്നു ധാരണ. എന്നാല്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതോടെ ആശയക്കുഴപ്പം ഉടലെടുക്കുക ആയിരുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ധാരണ ആയില്ല എങ്കിലും പുലര്‍ച്ചയോടു കൂടി കോണ്‍ഗ്രസിന്റെ തീരുമാനം ഇരു വിഭാഗത്തേയും അറിയിക്കുക ആയിരുന്നു.
5. രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി പരോളില്‍ ഇറങ്ങി. ഒരു മാസത്തേക്ക് ആണ് പരോള്‍. മദ്രാസ് ഹൈക്കോടതി നടപടി, മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം എന്ന പ്രതിയുടെ ആവശ്യം പരിഗണിച്ച്. ഉപാധികളോടെ ആണ് പരോള്‍. ആറ് മാസത്തെ പരോള്‍ വേണം എന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ ആണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലില്‍ ആണ്.
6. കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍ . വിശ്വാസ വോട്ട് നടന്ന പശ്ചാത്തലത്തില്‍ സ്വതന്ത്ര എം.എല്‍.എ മാര്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടും. ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും അത് അനുവദിച്ച് ഉത്തരവിറക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായിരുന്നില്ല. സ്പീക്കര്‍ക്കായി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയും വിമത എം.എല്‍.എമാരുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയും കോടതി മുറിയില്‍ ഹാജരായാലേ ഉത്തരവ് പറയൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ന് ഹാജരായേക്കും
7. അതേസമയം, കര്‍ണാടകത്തില്‍ പുതിയ മന്ത്രി സഭയുണ്ടാക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്ന് തീരുമാനം എടുക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദ്യൂരപ്പ. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതിന് ശേഷം നിയമസഭ കക്ഷി യോഗം ചേരാനാണ് ബി.ജെ.പി തീരുമാനം
8. അതേസമയം, യെദ്യൂപ്പയുടെ ഇന്ന് സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന. വിമതരെ അയോഗ്യരാക്കുന്നതില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെ അയോഗ്യന്‍ ആക്കണമെന്ന് കോണ്‍ഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വീണെങ്കിലും ഉപ തിരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ധാരണ. തത്കാലം സഖ്യം പുനരാലോചിക്കേണ്ട സാഹചര്യമില്ലെന്നും ഇരുവരും വ്യക്തമാക്കി
9. അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
10. രാഖിയുമായി പ്രണയത്തിലായിരുന്ന അഖില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെ ആണ് ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടാകുന്നത്. മറ്റൊരു വിവാഹത്തിന് തയ്യാറായ അഖിലിന്റെ തീരുമാനത്തെ എതിര്‍ത്ത രാഖിയെ അഖിലും സഹോദരന്‍ രാഹുലും ആദര്‍ശും ചേര്‍ന്ന് കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി എന്നാണ് പൊലീസ് നിഗമനം. അഖിലിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്നോടിയായി സൈന്യത്തിലെ അഖിലിന്റെ മേലുദ്യോഗസ്ഥര്‍ക്ക് അന്വേഷണ സംഘം വിവരങ്ങള്‍ കൈമാറും.