ബംഗളൂരു: ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ഇനി മലയാളിയുടെ ബെെജൂസ് ആപ്പ് ഇടംപിടിക്കും. മലയാളി സംരഭകൻ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരിക്കും ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്‌പോൺസമാർമാരാകുന്നത്. ചൈനീസ് മൊബൈൽ ബ്രാൻഡായ ഓപ്പോ 1,079 കോടി രൂപയ്‌ക്കാണ് ബൈജൂസ് ആപ്പിന് കരാർ മറിച്ചു നൽകിയത്. വിൻഡീസ് സീരീസ് വരെയായിരിക്കും ഓപ്പോ ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ഉണ്ടാവുക. സെപ്തംബറിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനം മുതലാണ് ടീം ഇന്ത്യയുടെ ജേഴ്സിയിൽ ബൈജൂസ് ആപ്പ് എത്തുക.
2017 മാർച്ചിൽ 1079 കോടി രൂപക്കാണ് ഇന്ത്യൻ ടീമിന്റെ സ്പോൺസർമാരായി ഒപ്പോ എത്തിയത്. എന്നാൽ, സ്പോൺസർഷിപ്പ് തുക വളരെ ഉയർന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്. ഒപ്പോയുടെ കരാറാണ് അവർ ബംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ് ആപ്പിന് മറിച്ചുനൽകിയിരിക്കുന്നത്. ഒപ്പോയുടെ പിൻവാങ്ങലുമായി ബന്ധപ്പെട്ട് ബി.സി.സി.ഐക്ക് നഷ്ടമൊന്നുമുണ്ടാകില്ല. ഒപ്പോയിൽ നിന്ന് കരാർ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന അതേ തുക തന്നെ ബൈജൂസിൽ നിന്നും ലഭിക്കും.