ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തോടൊപ്പം പരിശീലനം ആരംഭിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ മഹേന്ദ്ര സിംഗ് ധോണി. ടെറിട്ടോറിയൽ ആർമി ബറ്റാലിയണിന്റെ പാരച്യൂട്ട് റെജിമെന്റിനൊപ്പമാണ് ധോണി തന്റെ രണ്ട് മാസം നീളുന്ന പരിശീലനം ആരംഭിച്ചത്. ബുധനാഴ്ച ബാംഗ്ലൂരിലെ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് വച്ച് ധോണി ബറ്റാലിയനിൽ ചേർന്നിരുന്നു. സൈന്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടി ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് ടൂറിൽ നിന്നും ധോണി ഒഴിവായിരുന്നു.
'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സേവകനായിരുന്നത് പോലെ ധോണിക്ക് ഇന്ത്യൻ സൈന്യത്തോടുള്ള സ്നേഹവും എല്ലാവർക്കും അറിയാവുന്നതാണ്. ഏറെനാളുകളായി അദ്ദേഹത്തെ റെജിമെന്റിൽ ചേർക്കുന്നതിനായുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. എന്നാൽ ക്രിക്കറ്റ് സംബന്ധിച്ച് അദ്ദേഹത്തിന് ചെയ്ത തീർക്കേണ്ടതായ ചുമതലകൾ ബാക്കി നിൽക്കുന്നതിനാൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു. അദ്ദേഹം ആർമിയിൽ ചേർന്നാൽ അത് യുവാക്കൾക്ക് പ്രചോദനമാകും. ആർമിയെ കുറിച്ച് കൂടുതലറിയാൻ അവർക്ക് അവസരമുണ്ടാകും. അത് തന്നെയാണ് ധോണിയും ആഗ്രഹിക്കുന്നത്.' ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
38 വയസായ ധോണിക്ക് 2011ലാണ് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്നത്. ധോണിക്കൊപ്പം അഭിനന്ദ് ബിന്ദ്രയ്ക്കും ദീപക് റാവുവിനും സൈന്യത്തിന്റെ ഈ അംഗീകാരം ലഭിച്ചിരുന്നു. 2015ൽ ധോണി പാരച്യൂട്ട് റെജിമെന്റിലെ പാരട്രൂപ്പർ എന്ന പദവി നേടിയിരുന്നു. അഞ്ച് തവണ സൈനിക വിമാനങ്ങളിൽ നിന്നും വിജയകരമായി പാരച്യൂട്ട് ട്രെയിനിങ് ജമ്പുകൾ നടത്തിയാണ് ധോണി ഇത് സാധിച്ചത്.