ബംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനെ താഴെയിറക്കിയതിന് പിന്നാലെ കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയിൽ ആശയക്കുഴപ്പം. വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്ന നടപടികൾ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതൽ അംഗബലം നേടിയതിന് ശേഷം സർക്കാർ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഇങ്ങനെയൊരു നീക്കത്തിന് ബി.ജെ.പി മുതിരുന്നതെന്നാണ് സൂചന.
കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനെ താഴെയിറക്കിയതിന് പിന്നാലെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ വ്യക്തമാക്കിയത്. കൂടാതെ കഴിഞ്ഞ ദിവസം രാവിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിമയസഭാ കക്ഷി യോഗം ചേർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അതുണ്ടായില്ല. കർണാടകയിൽ തിടുക്കത്തിൽ ഒരു സർക്കാരുണ്ടാക്കാൻ കേന്ദ്ര നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് സൂചന.
കർണാടകയിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോർട്ട്. കർണാടകയിൽ അങ്ങനെയൊരു വിജയം നേടുകയാണെങ്കിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
കർണാടകയിലെ നിലവിലെ സ്ഥിതി അത്ര സുരക്ഷിതമല്ല. വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ സ്പീക്കർ എന്തു നടപടിയെടുക്കും എന്നതിൽ വ്യക്തതയില്ല. മാത്രമല്ല, ബി.ജെ.പിയുടെ ചില എം.എൽ.എമാരെ സ്വാധീനിക്കുന്നതിനുള്ള നീക്കങ്ങൾ മറുപക്ഷം നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായ അംഗബലം ഉറപ്പിച്ച ശേഷം സർക്കാർ രൂപീകരിക്കുന്നതാകും നല്ലതെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.