jomit

കോട്ടയം: അഞ്ച് രാജ്യങ്ങളിലൂടെ ഏഴ് പേർ കാറിൽ റഷ്യയ്ക്ക് പോവുകയാണ്. സംഘത്തിലെ ഏകമലയാളി കോട്ടയം സംക്രാന്തി പൂഴിക്കുന്നേൽ ജോമറ്റ് മാണിയും. കന്യാകുമാരി, കോയമ്പത്തൂർ, നേപ്പാൾ, ടിബറ്റ്, ചൈന വഴിയാണ് റഷ്യൻ യാത്ര.

കർണാടകക്കാരി അഞ്ജന കൗൾ, മുംബയിൽ നിന്നുള്ള മാധുരി സാപ്രു, തമിഴ്‌നാട്ടുകാരായ പ്രദീപ് യുവരാജ്, ശരത് മാധവ്, ഷീല വർഗീസ്, മീനാക്ഷി സായ് എന്നിവരുണ്ട് ഒപ്പം. ആഗസ്റ്റ് അഞ്ചിന് തുടങ്ങി രണ്ട് ഘട്ടമായാണ് യാത്ര. ജോമറ്റ് കോട്ടയത്ത് നിന്ന് കന്യാകുമാരി വഴി കോയമ്പത്തൂരിൽ എത്തും. ബാക്കിയുള്ളവർ കോയമ്പത്തൂരിൽനിന്ന് ഒത്തുചേർന്ന് യാത്രതുടരും. ടാറ്റയുടെ ഹെക്‌സ, ഹാരിയർ എന്നിവയിലാണ് യാത്ര.

രണ്ട് ഘട്ടം
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ നേപ്പാളിൽ കടന്ന് എവറെസ്റ്റിന്റെ ബേസ് ക്യാമ്പ് സന്ദർശിച്ച് ടിബറ്റിലും ചൈനയിലെ ബെയ്ജിംഗിലുമെത്തും. രണ്ടാംഘട്ടം പൂർണമായും റഷ്യയിലൂടെയാണ്. റഷ്യയുടെ കിഴക്ക്പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വ്ളാദിവോസ്റ്റോക് മുതൽ സെന്റ് പീറ്റേഴ്‌സ്ബർഗുവരെ 11,000 കിലോമീറ്ററുള്ള ട്രാൻസ് സൈബീരിയൻ ഹൈവേയാണ് പ്രധാനം. 1100ഓളം കിലോമീറ്റർ മണ്ണും ചെളിയും നിറഞ്ഞ് സഞ്ചാരപാത ഇല്ലാത്ത പ്രദേശമാണ്. സാഹസിക യാത്രയുടെ 15 ഇടങ്ങളിൽ സമയവ്യത്യാസമുണ്ടാകും. സെപ്തംബറിൽ അവസാനിക്കുന്ന യാത്രയ്ക്ക് ഒരാൾക്ക് ചെലവ് 12 ലക്ഷം രൂപവരെയാണ്. യാത്രയുടെ തത്സമയവിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടുത്തും.


ജോമറ്റ് മാണി
ഒമ്പതുവർഷമായി ആസ്‌ട്രേലിയൻ പൗരത്വം സ്വീകരിച്ച് ബിസിനസ് നടത്തുന്നു. സംക്രാന്തിയിൽ റേഷൻകട നടത്തുന്ന കെ.എം. മാണി (ജോയി)-മേഴ്‌സി ദമ്പതികളുടെ മകൻ. മൂന്നുവർഷമായി കുടുംബസമേതം കേരളത്തിൽ. യെസ്റ്റ മെഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ കൺസൾട്ടിംഗ് സ്ഥാപനം നടത്തുന്ന ഭാര്യ മരിയ ബേബി ആസ്‌ട്രേലിയയിലെ അംഗീകൃത മെഗ്രേഷൻ ഏജന്റാണ്. മക്കൾ: ജോഫ്രിഡ്ജ് (യു.കെ.ജി വിദ്യാർത്ഥി, എസ്.എഫ്.എസ് പബ്ലിക് സ്‌കൂൾ, ഏറ്റുമാനൂർ), ജോഷി (രണ്ടുവയസ്).

'' 22 രാജ്യങ്ങളിൽ കാറിൽ സഞ്ചരിച്ചതിന്റെ പരിചയമെനിക്കുണ്ട്. മുൻപരിചയമില്ലാത്ത വഴികളിലൂടെയുള്ള യാത്രയിൽ വ്യത്യസ്ത കാലാവസ്ഥ, ഭൂപ്രകൃതി, പരിസ്ഥിതി എന്നിവയെ അതിജീവിക്കുന്നതാണ് വെല്ലുവിളി. കൂടുതൽ നാടും മനുഷ്യരെയും കണ്ടറിഞ്ഞാൽ ഒരാളെ മികച്ച മനുഷ്യനാക്കി മാറ്റാമെന്ന സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം'

- ജോമറ്റ് മാണി